ദേശീയപാത-766 മേല്‍പ്പാല പദ്ധതി; ആറ് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം: സുപ്രിംകോടതി
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കാനുള്ള മേല്‍പ്പാല പദ്ധതിക്ക് അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയത്തോടും കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തോടും ചര്‍ച്ച നടത്തി ആറ് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടു.
കേരള സര്‍ക്കാരും നീലഗിരി വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റിയും സമര്‍പ്പിച്ച അപ്പീലിലാണ് ഈ ഉത്തരവ്. മേല്‍പ്പാല പദ്ധതിക്ക് തങ്ങള്‍ അനുകൂലമാണെന്നും ചെലവിന്റെ പകുതി നല്‍കാമെന്നും കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് കേരള സര്‍ക്കാരും ചെലവിന്റെ പകുതി നല്‍കാമെന്ന് ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയവും കേരള സര്‍ക്കാരും സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ച് പദ്ധതിക്ക് അനുമതി നല്‍കണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ രണ്ടു വകുപ്പുകള്‍ തമ്മില്‍ പദ്ധതിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായി അഡ്വക്കേറ്റ് ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടു മന്ത്രാലയങ്ങളോടും ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. ആക്ഷന്‍ കമ്മറ്റിക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ റിട്ട. ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍, പി.എസ് സുധീര്‍ എന്നിവര്‍ ഹാജരായി.
സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനം
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ചെലവിന്റെ പകുതി നല്‍കാമെന്ന് സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേരള സര്‍ക്കാരിനെ നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭിനന്ദിച്ചു.
ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിന്നുവെങ്കിലും തീരുമാനം സുപ്രീംകോടതിയെ അറിയിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മറ്റി ഇതിനായി നിരന്തരം ഇടപെട്ട് വരികയായിരുന്നു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ചെലവിന്റെ പകുതി വഹിക്കാന്‍ തയ്യാറാവുകയാണ് എന്നാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുള്ളത്. ഇതോടെ മേല്‍പ്പാല പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങള്‍ മാറിക്കഴിഞ്ഞു. ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് ആവശ്യമുള്ളത്. അനുമതിക്കു വേണ്ടി ഇതുവരെ ആരും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടില്ല. മേല്‍പ്പാല പദ്ധതി രാത്രിയില്‍ മാത്രമല്ല പകലും ബന്ദിപ്പൂര്‍, വയനാട് വന്യജീവി സങ്കേതങ്ങളിലെ വാഹനഗതാഗതവും വന്യജീവി വിഹാരവും സുഗമമാക്കാന്‍ വേണ്ടിയുള്ളതാണ്. പലരും പ്രചരിപ്പിക്കുന്നതു പോലെ 50000 മരങ്ങള്‍ ഈ പദ്ധതിക്കായി മുറിക്കേണ്ട ആവശ്യമില്ല.
പദ്ധതി മൂലം പരിസ്ഥിതിക്കു ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് വനം പരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തുകയാണ് ഇനി വേണ്ടത്. അതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും കൃത്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള അപേക്ഷ സമര്‍പ്പിക്കുകയും വേണം. ഇതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, വി മോഹനന്‍, എം.എ അസൈനാര്‍, പി.വൈ മത്തായി, മോഹന്‍ നവരംഗ്, റാം മോഹന്‍, ഫാ. ടോണി കോഴിമണ്ണില്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ജോസ് കപ്യാര്‍മല, നാസര്‍ കാസിം, സംഷാദ്, ജേക്കബ് ബത്തേരി, ഇ.പി മുഹമ്മദാലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."