ആദിവാസി കോളനിയുടെ പുനരധിവാസം: ചാലിയാറില്‍ പ്രത്യേക യോഗം ചേര്‍ന്നു
നിലമ്പൂര്‍: പ്രളയം നാശം വിതച്ച ചാലിയാര്‍ പഞ്ചായത്തിലെ മതിലുംമൂല കോളനിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സബ് കലക്ടറുടെ അധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു. പ്രളയത്തില്‍ മുഴുവനായി നശിച്ച മതിലുംമൂല കോളനിക്ക് പകരം കണ്ണംകുണ്ടില്‍ സ്ഥാപിക്കുന്ന കോളനിയെ, ദേശീയ തലത്തില്‍ തന്നെ മികച്ച കോളനിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി വീടു നിര്‍മിച്ചു നല്‍കുന്ന 34 കുടുംബങ്ങളെ പഞ്ചായത്തിലേക്ക് വിളിപ്പിച്ച് അവര്‍ക്ക് ഏത് തരത്തിലുള്ള ആവശ്യമാണ് വേണ്ടതെന്ന് സംഘാംഗങ്ങള്‍ ചോദിച്ചു. കൂടുതല്‍ പേരും പശുവിനെ വളര്‍ത്തി ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചു.സ്ഥലം നല്‍കിയാല്‍ കൃഷി ചെയ്യാന്‍ താത്പര്യമുണ്ടെന്നും കോളനി നിവാസികള്‍ പറഞ്ഞു.
അതനുസരിച്ചുള്ള തീരുമാനം പെട്ടെന്ന് കൈക്കൊണ്ട് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് യോഗത്തിന് ശേഷം ബന്ധപ്പെട്ടവര്‍ അറിയിച്ചു.
എന്നാല്‍, പ്രളയവുമായി ബന്ധപ്പെട്ടുള്ള പുനരധിവാസം വൈകുന്നതില്‍ പഞ്ചായത്തിലെ യു.ഡി.എഫ്. അംഗങ്ങളായ തോണിക്കടവന്‍ ഷൗക്കത്ത്, പൂക്കോടന്‍ നൗഷാദ് എന്നിവര്‍ സബ് കലക്ടറെ പ്രതിഷേധം അറിയിച്ചു. വാടക വീടുകളില്‍ താമസിക്കുന്ന 34 കുടുംബങ്ങളില്‍ എട്ട് കുടുംബങ്ങള്‍ക്ക് ഇതുവരെ ഒരു വാടകയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
4500 രൂപ വാടകയില്‍ ക്വാട്ടേഴ്‌സില്‍ കഴിയുന്ന കുടുംബങ്ങള്‍ വാടകയായി സര്‍ക്കാര്‍ നല്‍കുന്ന 2500 രൂപക്ക് പുറമെ 2000 രൂപ സ്വന്തമായും നല്‍കേണ്ട അവസ്ഥായാണുള്ളത്. പ്രളയം കഴിഞ്ഞ് അഞ്ചുമാസമായിട്ടും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതും റവന്യു വകുപ്പിന്റെ ഏകപക്ഷീയമായ നിലപാടുകളേയും ഇവര്‍ ചോദ്യം ചെയ്തു.
ചാലിയാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ കെ.കെ.അരുണ്‍ കുമാര്‍, നിലമ്പൂര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ സി.വി.മുരളീധരന്‍, മലപ്പുറം ടൗണ്‍ പ്ലാനര്‍ പി.എ.ആയിഷ, റിസോഴ്‌സ് പേഴ്‌സണ്‍സ്, ഐ.റ്റി.ഡി.പി. ഉദ്യേഗാസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രളയത്തില്‍ വീടു പോയവര്‍ സഹായത്തിനുള്ള സര്‍ക്കാര്‍ പട്ടികയില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ജനുവരി 31 വരെ അപേക്ഷിക്കാനുള്ള സമയം അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."