യോഗി സര്‍ക്കാരിന് മറ്റൊരു 'പൊന്‍തൂവല്‍': ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ ബലാത്സംഗക്കേസ്
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ എം.എല്‍.എയ്ക്കൊപ്പം ബി.ജെ.പി പാളയത്തില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ മറ്റൊരാള്‍ കൂടി. ഭദോഹി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെയാണ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്.
നാല്പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനാഥിനും ആറ് കുടുംബാങ്ങള്‍ക്കും എതിരെ കേസെടുത്തത്. എം.എല്‍.എയുടെ ബന്ധു സന്ദീപ് തിവാരി വിവാഹ വാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നല്കിയ സ്ത്രീ, പിന്നീട് എം.എല്‍.എയെയും മറ്റുള്ളവരെയും പരാതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാണ് പൊലിസിന്റെ വിശദീകരണം. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പൊലിസ് സൂപ്രണ്ട് രാം ബദന് സിങ് അറിയിച്ചു.
ആറു വര്‍ഷത്തോളമായി എം.എല്‍.എയുടെ ബന്ധു വിവാഹ വാഗ്ദാനം നല്കി തന്നെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. 2017 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഒരു മാസത്തോളം ഹോട്ടലില്‍ തടവില്‍ വച്ചിരുന്നതായും അവിടെ വച്ച് എം.എല്‍.എ, ചന്ദ്രഭൂഷണ്‍ ത്രിപാഠി, ദീപക് തിവാരി, നിതീഷ് തിവാരി, പ്രകാശ് തിവാരി എന്നിവര്‍ തന്നെ ബലാല്‍സംഗത്തിനിരയാക്കിയതായും യുവതി പരാതിയില്‍ പറയുന്നു.
യു.പിയിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറിനെ കോടതി ശിക്ഷിച്ചിരുന്നു. കേസിന്റെ ആരംഭ ഘട്ടത്തില്‍ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതൃത്വം സി.ബി.ഐ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."