ഖാദി തുണിത്തരങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നതായി ആക്ഷേപം
നീലേശ്വരം: ഖാദി തുണിത്തരങ്ങള്‍ വിലയില്‍ മാറ്റം വരുത്തി ഏജന്‍സികള്‍ വില്പന നടത്തുന്നതായി ആക്ഷേപം. കഴിഞ്ഞ ജനുവരി മുതലാണു ജനപ്രിയ ഖാദി തുണിത്തരങ്ങള്‍ക്കു 50 ശതമാനം വരെ വില വര്‍ധിപ്പിച്ചത്. നിലവിലെ സ്റ്റോക്കിനും വില വര്‍ധന ബാധകമാക്കിയതിനാല്‍ പഴയ വിലയില്‍ മാറ്റം വരുത്തി വില്‍ക്കുന്നതാണ് ഉപഭോക്താക്കളെ സംശയത്തിലാഴ്ത്തിയത്. എന്നാല്‍ ഖാദി ബോര്‍ഡ് സര്‍ക്കുലര്‍ പ്രകാരമാണ് വില വര്‍ധിപ്പിച്ചതെന്നാണ് ഏജന്‍സികളുടെ വിശദീകരണം. വിലയില്‍ മാറ്റം വരുത്തി വില്ക്കുകയല്ലെന്നും, സര്‍ക്കുലറില്‍ നിലവിലുണ്ടായിരുന്ന സ്റ്റോക്കിനും വില വര്‍ധിപ്പിച്ചു വില്പന നടത്തണമെന്നുമുള്ള നിര്‍ദേശം അനുസരിക്കുക മാത്രമാണു ചെയ്തതെന്നും ഏജന്‍സികള്‍ പറയുന്നു.
ഏറ്റവും അധികം ആവശ്യക്കാരുള്ള കുപ്പട ഒറ്റ മുണ്ടിന് 440 രൂപയുണ്ടായിരുന്നത് 550 രൂപയായി. 483 രൂപയുണ്ടായിരുന്ന കാവി മുണ്ടിന് 603 രൂപയാണു പുതുക്കിയ വില. റെഡിമെയ്ഡ് ഷര്‍ട്ടിന് 30 ശതമാനമാണു വില വര്‍ധിച്ചത്.
കഴിഞ്ഞ ക്രിസ്മസ് കാലത്താണ് ഖാദിത്തുണികള്ക്ക് ഒടുവില്‍ റിബേറ്റ് നല്‍കിയത്. വില ഇതേ നിലവാരത്തില്‍ നിന്നാല്‍ ഏപ്രിലിലെ റിബേറ്റു കാലത്ത് പോലും വില്പനയില്ലതാകുമെന്ന് ആശങ്കയുള്ളതായി കച്ചവടക്കാര്‍ പറയുന്നു. 10 ശതമാനമാണ് ഇവരുടെ കമ്മിഷന്. ഖാദിയെ പ്രോത്സാഹിപ്പിക്കേണ്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഖദര്‍ ധരിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നടപടികളാണു സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."