നിയമനടപടി പേടിച്ച് ഉടമകള്‍; 47 ബൈക്കുകള്‍ക്ക് ഇനിയും ആളെത്തിയില്ല
പൊന്നാനി: ഹര്‍ത്താല്‍ ദിനത്തില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയവര് പൊലിസിനെ കണ്ട് ഓടി രക്ഷപ്പെടുമ്പോള്‍ ഉപേക്ഷിച്ച ബൈക്കുകള്‍ തിരിച്ചെടുക്കാന്‍ ഇനിയും ഉടമസ്ഥര്‍ എത്തിയില്ല. ജനുവരി മൂന്നിന് സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലിലാണ് പൊന്നാനിയിലും എടപ്പാളിലുമായി ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ജീവനുംകൊണ്ടോടിയത്.
35 ബൈക്കുകള്‍ ചങ്ങരംകുളം സ്റ്റേഷനിലും 12 ബൈക്കുകള്‍ പൊന്നാനി സ്റ്റേഷനിലുമായി 47 ബൈക്കുകളാണ് ഉടമസ്ഥരെ കാത്തിരിക്കുകയാണ്.നിയമനടപടി ഭയന്നാണ് ഉടമസ്ഥര്‍ ബൈക്ക് വാങ്ങാനെത്താതെന്ന് പൊലിസ് പറയുന്നു.ബൈക്കിന്റെ ഉടമസ്ഥര്‍ പലരും അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളുമാണ്. കേസില്‍ അകപ്പെട്ടതിനാല്‍ ബൈക്കുകള്‍ അത്ര എളുപ്പത്തിലൊന്നും തിരിച്ചെടുക്കാന്നുമാവില്ല. ഹര്‍ത്താല്‍ ആക്രമണത്തില്‍ 27 പേരാണ് ചങ്ങരംകുളം പോലിസിന്റെ പിടിയിലായത്.
പത്ത് പേരെ പൊന്നാനി സി.ഐ യും അറസ്റ്റ് ചെയ്തിരുന്നു.എടപ്പാളില്‍ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഹര്‍ത്താല്‍ ദിനത്തില്‍ സംഘര്‍ഷത്തിന് ശ്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഓടിച്ചിട്ടു വിട്ടത്. ഏതായാലും അന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഇവര്‍ ഇനിയും ഓട്ടം നിര്‍ത്തിയില്ലെന്ന് ചുരുക്കും.
ബൈക്കുകള്‍ സ്റ്റേഷന് വളപ്പില്‍ വെയിലും മഞ്ഞുമേറ്റ് നശിക്കുകയാണ്.ബൈക്കുകള്‍ വിട്ടുകിട്ടാന്‍ പോലും പ്രവര്‍ത്തകരെ സഹായിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുന്നില്ലെന്ന് അണികള്‍ക്ക് പരാതിയുണ്ട്.
ഇപ്പോഴും ഒളിവില്‍ കഴിയുന്ന പ്രവര്‍ത്തകരുണ്ട്.പൊന്നാനിയില്‍ പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."