ട്രംപിന്റേത് രാഷ്ട്രീയ സന്ദര്‍ശനം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ മാസം 24ന് ആരംഭിക്കുന്ന ഇന്ത്യാ സന്ദര്‍ശനം ഇന്ത്യക്കോ യു.എസിനോ പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യാന്‍ പോകുന്നില്ല. ഇന്ത്യയുമായി വ്യാപാര കരാറില്‍ ഒപ്പിടുമെന്നായിരുന്നു ഏതാനും ദിവസം മുന്‍പുവരെ യു.എസില്‍ നിന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍, വ്യാപാര കരാര്‍ ഉണ്ടാവില്ലെന്ന് ട്രംപ് തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരിക്കുകയാണ്. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമേ അതുണ്ടാകൂ.
ഇന്ത്യയുമായുള്ള യു.എസിന്റെ വ്യാപാരബന്ധം നിലവില്‍ ഉലഞ്ഞിരിക്കുകയാണ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചിരുന്നു. അത് പിന്‍വലിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല. ഇന്ത്യയുമായുള്ള സൗഹൃദവ്യാപാര കരാര്‍ റദ്ദാക്കിയതായി കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള വ്യാപാരം അമേരിക്കയ്ക്ക് നഷ്ടമാണെന്നാണ് കാരണമായി പറഞ്ഞിരുന്നത്. ഇന്ത്യന്‍ വിപണി പൂര്‍ണമായും തുറന്നുകിട്ടാത്തതിലുള്ള അരിശമായിരുന്നു കരാര്‍ റദ്ദാക്കാനുണ്ടായ കാരണം. എന്നിട്ടും ട്രംപ് ഇന്ത്യയിലേക്ക് വരുന്നു, എന്തിനാണിത് ?
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാല് യു.എസ് സെനറ്റര്‍മാര്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോക്ക് കത്തെഴുതിയരുന്നു. അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട ഇന്ത്യയിലേക്ക് പോകരുതെന്നായിരുന്നു അവരുടെ ആവശ്യം. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗവും കത്തെഴുതിയവരില്‍പ്പെടും. പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യയുടെ മുഖം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വികൃതമായിരിക്കുകയാണ്. ഈയൊരു സന്ദര്‍ഭത്തില്‍ യു.എസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത് അമേരിക്കയുടെ പ്രതിച്ഛായയെ ബാധിക്കും. ഇതായിരുന്നു സെനറ്റര്‍മാരുടെ കത്തിലെ ഉള്ളടക്കം.
അഹമ്മദാബാദില്‍ ട്രംപ് കടന്നുപോകുന്ന വഴിയോരങ്ങളിലെ ചേരിപ്രദേശങ്ങള്‍ ട്രംപില്‍നിന്ന് മറച്ചുപിടിക്കാനായി കൂറ്റന്‍ മതില്‍ പണിതുകൊണ്ടിരിക്കുകയാണ്. മതില്‍ നിറയെ മോദിയുടെയും ട്രംപിന്റെയും ബഹുവര്‍ണ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. പഴുത്തൊലിക്കുന്ന വൃണം പട്ടുവസ്ത്രങ്ങളാല്‍ മറച്ചുപിടിച്ചാല്‍ ദുര്‍ഗന്ധം ശമിപ്പിക്കാനാവുമോ. ഇതിന്റെയൊക്കെ പിന്നാലെ പട്ടേല്‍ സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കോളനിവാസികളോട് ഒഴിഞ്ഞുപോകാന്‍ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. സ്റ്റേഡിയത്തിലാണ് ട്രംപിന് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഏഴുദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന നോട്ടിസ് കോളനിവാസികള്‍ക്ക് കിട്ടിയതാകട്ടെ ഏഴുദിവസത്തിന് ശേഷവും. 65 കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയില്‍നിന്ന് ഇവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് അധികൃതര്‍ പറയുന്നില്ല. എവിടേക്ക് പോയാലും വേണ്ടില്ല, ഇവിടെ നിന്ന് ഒഴിയണമെന്നാണ് അധികൃതര്‍ പറയുന്നത്.
ട്രംപിന്റെ വരവിനോടനുബന്ധിച്ചല്ല കോളനിക്കാരെ ഒഴിപ്പിക്കുന്നതെന്നും നഗരാസൂത്രണത്തിന്റെ ഭാഗമായാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതെന്നുമാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. എന്നാല്‍, സത്യം ഇതല്ല. വ്യാപാര കരാറുകളിലൊന്നും ഒപ്പിടാനില്ലാതിരുന്നിട്ടും ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കിയിട്ടും ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഗൂഢോദ്ദേശ്യം എന്തായിരിക്കും? ഈ സന്ദര്‍ശനത്തിന് വന്‍ പ്രാധ്യാന്യം നല്‍കാന്‍ ബി.ജെ.പി പണം കൊടുത്ത് വശത്താക്കിയ ദേശീയ മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇരുരാഷ്ട്രങ്ങള്‍ക്കും യാതൊരു പ്രയോജനവുമില്ലാത്ത ഈ സന്ദര്‍ശനംകൊണ്ട് മോദിക്കും ട്രംപിനും തന്നെയാണ് രാഷ്ട്രീയ നേട്ടമുണ്ടാകാന്‍ പോകുന്നത്.
ട്രംപിന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ അഹമ്മദാബാദ് പട്ടേല്‍ സ്റ്റേഡിയത്തിനും പട്ടേല്‍ പ്രതിമക്കും സമീപമുള്ള ചേരികളിലുള്ളവരെ ഒഴിപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമക്ക് അന്താരാഷ്ട്രതലത്തില്‍ വന്‍ സ്വീകാര്യത ഉണ്ടാകുമെന്നും അതുവഴി ഗുജറാത്തിലേക്ക് ടൂറിസ്റ്റുകള്‍ ഒഴുകുമെന്നുമുള്ള കണക്കുകൂട്ടലിനെ തുടര്‍ന്നാണ് ഇത്തരമൊരു സന്ദര്‍ശനത്തിന് കളമൊരുങ്ങിയിരിക്കുന്നത്. ഇതിനൊക്കെ പുറമെ പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ വികൃതമുഖം യു.എസ് പ്രസിഡന്റിന്റെ വരവോടെ മിനുക്കാമെന്ന മോഹവും ഉണ്ടായിരിക്കണം.
ട്രംപിനാകട്ടെ നവംബറില്‍ അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്. ഇംപീച്ച്‌മെന്റില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും അതിന്റെ അപഖ്യാതി ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് ട്രംപ് ഇംപീച്ച്‌മെന്റില്‍നിന്ന് രക്ഷപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് തന്നെയായിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. അമേരിക്കക്കാരായ ഇന്ത്യന്‍ വംശജരുടെ വോട്ട് ഉറപ്പിക്കാനാണ് ഈ വരവ്.
യു.എസ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാണ് ഇന്ത്യന്‍ വംശജര്‍. 24, 25 തിയതികളില്‍ നടക്കുന്ന പരിപാടികളില്‍ പതിവുപോലെ ട്രംപ് മോദിയെയും മോദി ട്രംപിനെയും വാനോളം പുകഴ്ത്തും. രണ്ടുപേര്‍ക്കും രണ്ട് ലക്ഷ്യമാണുള്ളതെന്ന് സാരം. അല്ലാതെ ട്രംപിന്റെ സന്ദര്‍ശനംകൊണ്ട് ഇന്ത്യക്ക് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."