അദൃശ്യ സാന്നിധ്യമായി അതിരപ്പിള്ളി
കോഴിക്കോട്: പരിസ്ഥിതി സംഘടനകളുടെയും സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെയും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കേ അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെയാണെന്ന് ബജറ്റിലൂടെയും പ്രഖ്യാപനം.
അതിരപ്പിള്ളി പദ്ധതിയുടെ പേര് എടുത്തുപറയുന്നില്ലെങ്കിലും ഇതടക്കമുള്ള 15 ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 268 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു.
ഈ ചെറുകിട പദ്ധതികളില്‍ ഒന്ന് അതിരപ്പിള്ളിയാണെന്ന് കഴിഞ്ഞദിവസം നിയമസഭയില്‍ വൈദ്യുതി മന്ത്രി എം.എം മണി എന്‍.ഷംസുദീന്‍ എം.എല്‍.എയ്ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പുതിയ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ അത് ഏതെല്ലാമാണെന്ന ചോദ്യത്തിനാണ് 15 പദ്ധതികളുടെ പേരും വിവരങ്ങളും മന്ത്രി രേഖാമൂലം നല്‍കിയത്.
ഇതില്‍ 15 -ാമത്തെ പദ്ധതിയായിട്ടായിരുന്നു അതിരപ്പിള്ളി. 163 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടന്നുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് നിയമസഭയില്‍ മന്ത്രി എം.എം മണി പറഞ്ഞതോടെ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ വൈദ്യുത മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇത് സി.പി.ഐയും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യമായ വാക്‌പോരിനിടക്കിയതോടെ നിലപാട് മയപ്പെടുത്തിയ സര്‍ക്കാര്‍, സമവായത്തോടെ മുന്നോട്ടുപോവുമെന്നു വ്യക്തമാക്കി.
എന്നാല്‍, വിവാദം കെട്ടടങ്ങിയ സാഹചര്യത്തിലാണ് പദ്ധതിക്കായി സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുകയാണെന്ന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ രേഖാമൂലമുള്ള മറുപടിയും ഇപ്പോള്‍ ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."