ആകാശയാത്രാ സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: സ്വന്തം വീടും സ്‌കൂളുമെന്നതിനപ്പുറം മറ്റൊരു ലോകം കാണാത്ത ഒരു കൂട്ടം കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും പുതിയ അനുഭവമായി ആകാശയാത്ര. പയ്യോളി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമാണ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ആകാശയാത്ര സംഘടിപ്പിച്ചത്.
യാത്രയുടെ ഭാഗമായി സംഘം രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. ഓരോ കുട്ടിയുടേയും അടുത്തെത്തി ഗവര്‍ണര്‍ കുശലാന്വേഷണം നടത്തി. അദ്ദേഹം തന്നെ കുട്ടികള്‍ക്ക് ലഘു ഭക്ഷണം എടുത്തു നല്‍കി. കോഴിക്കോട് എത്തുമ്പോള്‍ സ്‌കൂള്‍ സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കി. ഭിന്നശേഷി കുട്ടികള്‍ക്കായി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെയും അധ്യാപകരെയും ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു.സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിവ ബാധിച്ച 26 കുട്ടികളും അവരുടെ അമ്മമാരും കെ.ദാസന്‍ എം.എല്‍.എയ്ക്കും സ്‌കൂള്‍ അധ്യാപകര്‍ക്കും ഒപ്പമാണ് എത്തിയത്. പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളായതിനാല്‍ പൊതു ചടങ്ങുകള്‍ക്കോ നാടുവിട്ട് മറ്റൊരിടത്തേക്കോ പോകാനാകാത്തവരാണ് കുട്ടികളും അവരുടെ അമ്മമാരും. ഇവരുടെ താല്‍പര്യം കണക്കിലെടുത്താണ് സ്‌കൂള്‍ മുന്‍കൈയെടുത്ത് ആകാശയാത്ര എന്ന പേരില്‍ രണ്ടു ദിവസത്തെ തലസ്ഥാന സന്ദര്‍ശനം സജ്ജമാക്കിയത്. വിമാന മാര്‍ഗമാണ് ഇരു ഭാഗത്തേക്കുമുള്ള യാത്ര. ജനകീയമായാണ് യാത്രയ്ക്കുള്ള ധനസമാഹരണം നടത്തിയത്. ആദ്യദിനം മന്ത്രിമാരായ കെ.കെ.ശൈലജ, പ്രൊഫ. സി.രവീന്ദ്രനാഥ്, വി.എസ് സുനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ സംഘം കണ്ടു. പ്രധാനാധ്യാപകന്‍ ബിനോയ്കുമാര്‍, പി.ടി.എ പ്രസിഡന്റ് ബിജു കളത്തില്‍, വാര്‍ഡ് അംഗം വിജില മഹേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഹമീദ് പുതുക്കുടി, ഹനീഫ, പി.ടി.എ വൈസ് പ്രസിഡന്റ് സൂരജ്, പത്തംഗ വോളന്റിയേഴ്‌സ് എന്നിവരാണ് സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."