മലബാറിനെ അറിയാം, ഉരു യാത്രയിലൂടെ...
നിലമ്പൂര്‍: മലബാറിന്റെ വിനോദ സഞ്ചാര മേഖലകളിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഉരു ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്. വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.ആര്‍.ഡി.സി) ആണ് നദികളിലൂടെ ഉരു ടൂറിസവുമായി പദ്ധതി നടപ്പാക്കുന്നത്. മലബാറിന്റെ സാംസ്‌കാരികത്തനിമ അടുത്തറിയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ 44 നദികളില്‍ ചരിത്ര കഥകളുറങ്ങുന്ന 16 നദികള്‍ ഒഴുകുന്നത് ഉത്തര മലബാറിലൂടെയാണ്. വിദേശികളും സ്വദേശികളുമായി ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഉരു യാത്ര അടുത്തറിയാനും തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനുമുള്ള നദിയോര സംസ്‌കാര സഞ്ചാര ടൂറിസം പദ്ധതിയാണിത്. ഒരു കാലത്ത് സമൃദ്ധിയുടെ നിറവിലായിരുന്ന ഉരു നിര്‍മാണം ഇന്ന് അന്യംനിന്നു പോകുന്ന ഘട്ടത്തിലാണ്. മലബാറിന്റെ സവിശേഷമായ ഉരു നിര്‍മാണ പൈതൃകം സംരക്ഷിക്കാന്‍ കൂടിയാണ് ബി.ആര്‍.ഡി.സി പദ്ധതി തയാറാക്കിയിരിക്കുന്നത്.
വടക്കിന്റെ കലാരൂപങ്ങളായ യക്ഷഗാനം, പാവകളി, കോല്‍ക്കളി, ദഫ് മുട്ട് , ഒപ്പന എന്നിവയ്ക്ക് പുറമേ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ മംഗലം കളി, എരുത് കളി, മാന്‍ കളി തുടങ്ങിയവയും തനത് രൂപം ചോരാതെ സഞ്ചാരികള്‍ക്ക് കാണാന്‍ ഉരു ടൂറിസത്തിലൂടെ അവസരമൊരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാട്ടുഭക്ഷണരുചി ആസ്വദിച്ചു കൊണ്ട് കാവുകളും, കോട്ടകളും ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും മസ്ജിദുകളും കാണാനും അവയുടെ ചരിത്ര പ്രാധാന്യമറിയാനും പദ്ധതിയിലൂടെ സാധിക്കും. തണ്ണീര്‍ത്തടങ്ങളും ഔഷധസസ്യ വൈവിധ്യങ്ങളും ഗ്രാമീണ ചന്തകളും വിവിധ ഗ്രാമങ്ങളും കാണാന്‍ കഴിയുന്ന തരത്തിലുള്ള പാക്കേജുകളാണ് ഉരു ടൂറിസത്തിലൂടെ ഒരുക്കുന്നത്.
50 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഉരുവാണ് ടൂറിസം വകുപ്പ് സജ്ജമാക്കുന്നത്. ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴമയുള്ളതാണ് മലബാറിലെ ഉരു നിര്‍മാണ ചരിത്രം. ഉരു ടൂറിസം പദ്ധതിയുടെ ഭാഗമായെത്തുന്ന സഞ്ചാരികള്‍ക്ക് ഉരുവിന്റെ ചരിത്രവും നിര്‍മാണത്തിലെ സവിശേഷതകളും കഥാരൂപേണയും ചിത്രദൃശ്യ വിവരണങ്ങളിലൂടെയും വിശദമാക്കി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."