റിലയന്‍സ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കൊച്ചി: ലാഭമില്ലാതായതോടെ ഫ്രാഞ്ചൈസികളും കൈവിട്ടതോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സര്‍വിസ് സെന്ററുകള്‍ ഓരോന്നായി അടച്ചൂപൂട്ടിത്തുടങ്ങി. റിലയന്‍സ് നേരിട്ട് നടത്തിയിരുന്ന സര്‍വിസ് സെന്ററുകള്‍ അടച്ചൂപൂട്ടി ഫ്രാഞ്ചൈസി സിസ്റ്റത്തിലേക്ക് മാറ്റിയെങ്കിലും റിലയന്‍സ് ആരംഭിച്ച ഔട്ട്‌ലെറ്റുകള്‍ ഏറ്റെടുത്ത് നടത്താന്‍ ആളെ കിട്ടാതായതോടെ ഭൂരിഭാഗവും പൂട്ടിയിരുന്നു. പിന്നീട് ഫ്രാഞ്ചൈസികള്‍ നടത്തിയിരുന്ന സെന്ററുകളാണ് ഇപ്പോള്‍ പൂട്ടിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ മാത്രം നൂറിലധികം കേന്ദ്രങ്ങളുണ്ടായിരുന്ന റിലയന്‍സിന് ഇപ്പോള്‍ കേരളത്തിലെ 19 നഗരങ്ങളിലായി 30 ഓളം കേന്ദ്രങ്ങളാണുള്ളത്. അവയാകട്ടെ എപ്പോള്‍ വേണമെങ്കിലും അടച്ചൂപൂട്ടാമെന്ന നിലയിലുമാണ്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നേരിട്ട് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ട് റിലയന്‍സ് വേള്‍ഡ്, റിലന്‍സ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ എന്നീ പേരുകളിലാണ് സംസ്ഥാനത്ത് വ്യാപകമായി സര്‍വിസ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനും ബില്ലുതുക അടക്കുന്നതിനും പുതിയ കണക്ഷന്‍ എടുക്കുന്നതിനും സൗകര്യമുണ്ടായിരുന്ന റിലയന്‍സ് കേന്ദ്രങ്ങളില്‍ റിലയന്‍സ് ഇന്റര്‍നെറ്റ് കഫേകളും ഫോണ്‍, ഇന്റര്‍നെറ്റ് മോഡം തുടങ്ങിയവയുടെ വില്‍പനയും അനുബന്ധമായി ഉണ്ടായിരുന്നു. ഇന്റര്‍നെറ്റ് സംവിധാനം മൊബൈല്‍ ഫോണിലേക്ക് വഴിമാറിയതും റിലയന്‍സ് ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതുമാണ് സേവനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള പ്രധാനകാരണം.
സേവനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതതോടെ ഓണ്‍ലൈന്‍ ബില്ലിങ് മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍. പരാതികള്‍ പരിഹരിക്കുന്നതിനായി ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിലാണ്. ഫോണില്‍ വിളിച്ചു സമയം പാഴാക്കാമെന്നതല്ലാതെ തകാരാറിന് പരിഹാരം ലഭിക്കില്ല.
തുച്ഛമായ കമ്മിഷന് ജീവനക്കാരെയും വാടകകെട്ടിടവും കൊണ്ട് മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെയാണ് ഫ്രാഞ്ചൈസികള്‍ സേവനം മതിയാക്കി റിലയന്‍സിനെ കൈവിടാന്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."