കിദൂര്‍ ഒരുങ്ങുന്നു, വലിയ പക്ഷി ഗ്രാമമാകാന്‍
കുമ്പള: ഹരിത ഗേഹങ്ങളെ വെട്ടിത്തെളിച്ച് 'കോണ്‍ക്രീറ്റ് കാടുകള്‍' വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമാവാനൊരുങ്ങുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പക്ഷികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വിളനിലമൊരുങ്ങുന്നത്.
ഇതുവരെ ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെയാണ് വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുള്ളത്. വംശനാശം നേരിടുന്ന ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ളഅരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിയവയുള്‍പ്പടെ 38 ദേശാടന പക്ഷികളെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കണ്ടുവരുന്നു. ഇന്ത്യയില്‍ ഈ പ്രദേശത്ത് മാത്രം കൂടുതലായി കണ്ടുവരുന്ന മഞ്ഞ വരിയന്‍ പ്രാവ് പ്രധാന ആകര്‍ഷണമാണ്.
പക്ഷി നിരീക്ഷണത്തിനായി കുമ്പള പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രതിവര്‍ഷം എട്ടോളം ക്യാപുകളാണ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ, പക്ഷി വിവരങ്ങള്‍ ശേഖരിക്കുന്ന പൊതുജന കൂട്ടായ്മയായ 'ഇ ബേര്‍ഡ്‌സില്‍' കിദൂരില്‍നിന്ന് 160 തരം പക്ഷി വര്‍ഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകനായ രാജു കിദൂര്‍, എം.എസ്‌സി വിദ്യാര്‍ഥിയായ മാക്‌സിം റോഡ്രിഗസ്, പ്രശാന്ത് കൃഷ്ണ, രായന്‍ പ്രദീപ്, പത്താംതരം വിദ്യാര്‍ഥി ഗ്ലാന്‍ഡ പ്രീതേഷ് തുടങ്ങിയവരാണ് മേഖലയിലെ പക്ഷി നിരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. പക്ഷി സങ്കേതമുയര്‍ന്നു വരുന്നതിലൂടെ കാലങ്ങളായി കിദൂര്‍ ഗ്രാമം ഉയര്‍ത്തിപ്പിടിച്ച സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയ്ക്കാണ് അംഗീകാരം ലഭിക്കുന്നത്.
മുളകള്‍ കൊണ്ടുള്ള ഡോര്‍മിറ്ററി
പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട് കിദൂരിലെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ വിശാലമായ ഡോര്‍മിട്ടറി നിര്‍മിക്കുമെന്നും കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം 70 ലക്ഷം രൂപയുടെ പദ്ധതി തയാറായി വരുന്നുണ്ടെന്നും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എല്‍. പുണ്ഡരീകാക്ഷ പറഞ്ഞു.
കുമ്പള കോട്ടയും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നു വിശ്വസിക്കപ്പെടുന്ന അനന്തപുരം തടാക ക്ഷേത്രവുമടക്കം നിരവധി ശ്രദ്ധാ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന കുമ്പളയില്‍ കിദൂര്‍ പക്ഷി സങ്കേതം ഉയര്‍ന്നുവരുന്നത് മേഖലയുടെ ടൂറിസം സ്വപ്നങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു. കിദൂരില്‍ റവന്യൂ വിഭാഗത്തിന്റെ തരിശായികിടക്കുന്ന 10 ഏക്കറിലാണ് ഡോര്‍മിട്ടറിയടക്കമുള്ള മൂന്നുനില കെട്ടിടം നിര്‍മിക്കുന്നത്. ഡി.ടി.പി.സിയാണ് പദ്ധതി രൂപരേഖ തയാറാക്കുന്നത്. 150 ഓളം പേര്‍ക്ക് താമസിക്കാവുന്ന കെട്ടിടത്തില്‍ മുളകള്‍ കൊണ്ടായിരിക്കും മുറികള്‍ വേര്‍തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."