മാവോയിസ്റ്റ് തിരിച്ചടി: തമിഴ്‌നാട് അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി
കാളികാവ്: നിലമ്പൂരും വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ തമിഴ്‌നാട് പൊലിസ് പരിശോധന കര്‍ശനമാക്കി. നിലമ്പൂര്‍ വനമേഖലയില്‍ അകപ്പെട്ട മാവോയിസ്റ്റുകള്‍ പുറത്തേക്കും പുറത്തുനിന്നുള്ളവര്‍ വനമേഖലയിലേക്ക് കടക്കുന്നതും തടയുന്നതിന്റെ ഭാഗമായാണ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് പിടിയിലായ മാവോയിസ്റ്റ് സംഘാംഗം അയ്യപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടു നേതാക്കള്‍ വനത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ പൊലിസിനെതിരേ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. നേതൃ തലത്തില്‍ ഉള്‍പെടെ അഴിച്ചുപണി നടത്തി സംഘത്തിന്റെ ശക്തി വര്‍ധിപ്പിക്കാനാണ് മാവോയിസ്റ്റുകളുടെ പദ്ധതിയെന്ന് അയ്യപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്.
മാവോയിസ്റ്റ് പോരാളികള്‍ തമിഴ്‌നാട്ടിലൂടെ നിലമ്പൂര്‍ മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി പൊലിസ് കണക്കുകൂട്ടുന്നു. അതിര്‍ത്തിയില്‍ വാഹന പരിശോധനക്ക് സായുധ പൊലിസിനെയും വിന്യസിച്ചിട്ടുണ്ട്. പരിശോധിക്കാതെ ഒരു വാഹനവും കടത്തിവിടുന്നില്ല. ഇതിനുപുറമെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയിലും തിരച്ചില്‍ നടത്തുന്നുണ്ട്. വയനാട്ടില്‍ നിന്നും നിലമ്പൂരിലേക്ക് തമിഴ്‌നാട് വഴി മാവോവാദികള്‍ നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്. നിലമ്പൂര്‍ മേഖലയിലെ മാവോയിസ്റ്റ് ക്യാംപിലെ ഭൂരിഭാഗം പേരും തമിഴ്‌നാട്ടുകാരാണെന്ന അയ്യപ്പന്റെ മൊഴിയും അധികൃതരെ അലോസരപ്പെടുത്തുന്നുണ്ട്.
വയനാട്, പാലക്കാട് മേഖലകളില്‍നിന്ന് വനത്തിലൂടെ മാവോയിസ്റ്റുകള്‍ നിലമ്പൂരിലേക്ക് നീങ്ങുന്നത് തടയാന്‍ പ്രയാസമാണ്.
മാവോയിസ്റ്റുകളുടെ സഞ്ചാരം തടയാന്‍ കഴിയുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. മാവോവാദികള്‍ക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ എത്തിക്കാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരള പൊലിസും വിഷയത്തെ ഗൗരവത്തില്‍ കാണുന്നുണ്ട്. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ നേരിടാന്‍ തന്നെയാണ് പൊലിസിന്റെ തീരുമാനം. മാവോയിസ്റ്റ് വിഷയത്തില്‍ രാഷ്ട്രീയ എതിര്‍പ്പുകളെ വകവയ്‌ക്കേണ്ടതില്ലെന്നും പൊലിസില്‍ ധാരണയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."