യു.എസ് അറ്റോര്‍ണി ജനറല്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന അനാവശ്യ ഇടപെടല്‍ കാരണം അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണ പരിധിയിലുള്ള കേസുകളില്‍ പ്രസിഡന്റ് നടത്തുന്ന പരസ്യ പ്രസ്താവനകള്‍ നീതിയുക്തമായി ജോലിയെടുക്കാന്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന് കണ്ടാണ് വില്യം ബാറിന്റെ നീക്കം. അതേസമയം രാജിവയ്ക്കുന്നത് സംബന്ധിച്ച് ബാര്‍ കാര്യമായ ആലോചനയിലാണോ അതോ പ്രസിഡന്റ് ട്രംപിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണോ ഇതെന്നു വ്യക്തല്ല. ട്രംപ് ഭരണകൂടത്തില്‍ പ്രസിഡന്റിന്റെ ഏറ്റവും അടുത്ത സഹായികളില്‍ ഒരാളാണ് വില്യം ബാര്‍.
നേരത്തെ യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടല്‍ സംബന്ധിച്ച കേസില്‍ പ്രസിഡന്റ് ട്രംപ് നടത്തിയ പരസ്യ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേസില്‍ ആരോപണവിധേയനായ തന്റെ അനുയായി റോജര്‍ സ്റ്റോണിന് ഏഴു മുതല്‍ ഒമ്പത് വര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കിക്കൊണ്ടുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിധിയെ തീര്‍ത്തും നീതിരഹിതമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. റോജര്‍ സ്റ്റോണിനെ വീണ്ടും വിചാരണ ചെയ്യണമെന്ന ആവശ്യവും പ്രസിഡന്റ് മുന്നോട്ടുവച്ചിരുന്നു. തുടര്‍ന്ന് കേസില്‍ ഇടപെട്ട അറ്റോര്‍ണി ജനറല്‍, കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ നിരീക്ഷണം തളളി റോജര്‍ സ്റ്റോണിന്റെ ജയില്‍ കാലാവധി കുറച്ചു നല്‍കിയിരുന്നു. എ.ജി പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായി പെരുമാറുന്നുവെന്നാണ് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ കേസില്‍ പ്രസിഡന്റ് ട്രംപ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പലപ്പോഴായി നടത്തുന്ന പരസ്യ പ്രസ്താവനകള്‍ ജോലിയെടുക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നുമാണ് വില്യം ബാര്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."