'ചാവാന്‍ വരുന്നവര്‍ ചാവും'
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സി.എ. എ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരെ കുറിച്ച് വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വ്യക്തി മരിക്കുക എന്ന ലക്ഷ്യത്തോടെ വന്നാല്‍ മരിക്കുക തന്നെ ചെയ്യും. പൊലിസ് വെടിവയ്പില്‍ ആരും മരിച്ചിട്ടില്ല. കലാപകാരികളില്‍ നിന്നുള്ള വെടിയുണ്ടയേറ്റാണ് അവര്‍ മരിച്ചത്.
ആളുകളെ വെടിവച്ച് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാല്‍ ഒന്നുകില്‍ അവര്‍ മരിക്കും, അല്ലെങ്കില്‍ പൊലിസ് മരിക്കും. ഡിസംബറില്‍ യു.പിയിലുണ്ടായ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ 22 പേര് കൊല്ലപ്പെട്ടിരുന്നു. ഈ മരണങ്ങളെ കുറിച്ച് യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞതാണീ വാക്കുകള്‍.
ആസാദി മുദ്രാവാക്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട് . എന്താണ് ആസാദി. ജിന്നയുടെ സ്വപ്നത്തിനായി നാം പ്രവര്‍ത്തിക്കണോ, അതോ ഗാന്ധിയുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ നാം പ്രവര്‍ത്തിക്കേണ്ടത്. ഡിസംബറിലെ പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പൊലിസ് നടപടിയെ യോഗി പ്രശംസിച്ചു. സംസ്ഥാനത്ത് കലാപങ്ങള്‍ ഉണ്ടായിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കില്ലെന്നും എന്നാല്‍ അക്രമം നടത്തിയാല്‍ അവരുടെ ഭാഷയില്‍ മറുപടി നല്‍കുമെന്നും ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ യോഗി വ്യക്തമാക്കി.
അതേസമയം പൊലിസ് നടപടിയില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊലിസ് തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. പടിഞ്ഞാറന്‍ യു.പിയിലെ ബിജ്നോര്‍ ജില്ലയില്‍ പൊലിസ് വെടിവയ്പില്‍ സുലൈമാന്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലിസ് എന്‍.ഡി ടി.വിയോട് പറഞ്ഞു. സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ യോഗി പൊലിസിന്റെ നടപടി വ്യാപക വിമര്ശനത്തിനിരയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."