പാരിസ്ഥിതിക വെല്ലുവിളി ഉയര്‍ത്തി അഴീക്കലില്‍ വീണ്ടും കപ്പല്‍പൊളി
കണ്ണൂര്‍: പാരിസ്ഥിതിക വെല്ലുവിളി ഉയര്‍ത്തി അഴീക്കല്‍ സില്‍ക്കില്‍ വീണ്ടും കപ്പല്‍പൊളി ആരംഭിക്കുന്നു. ഏറെ സമരങ്ങളും ജനകീയ പ്രക്ഷോഭങ്ങളും നടന്നിട്ടും ഭരണ സ്വാധീനം ഉപയോഗിച്ച് നേടിയ ഉത്തരവുകളുമായാണ് കപ്പല്‍ പൊളിക്കുന്നത്. നേരത്തെ സമരവുമായി രംഗത്തെത്തിയവരെ വെല്ലുവിളിക്കുന്ന തരത്തിലാണ് സില്‍ക്കിന്റെ നടപടിയെന്ന് കപ്പല്‍പൊളിവിരുദ്ധസമിതി ചെയര്‍മാന്‍ എം.കെ മനോഹരന്‍ പറഞ്ഞു.
20 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ലക്ഷദ്വീപിലെ ഗേറ്റ്‌വേ പ്രസ്റ്റീജ് എന്ന കപ്പലാണ് കഴിഞ്ഞ ഒന്നാം തിയതി ഉച്ചയോടെ അഴീക്കലിലെത്തിയത്. പൊളിക്കുന്നതിനെതിരേ ഇതുവരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടില്ല. സമീപവാസികളെയും സ്വാധീനിച്ചതായി സംശയമുണ്ട്. നിലവില്‍ കപ്പല്‍പൊളി വിരുദ്ധ സമിതി പിരിച്ചു വിട്ടിരിക്കുകയാണ്.
നേരത്തെ മുന്‍സിഫ് വിധിയുടെ അടിസ്ഥാനത്തിലാണ് കപ്പല്‍ പൊളി നിര്‍ത്തിവച്ചിരുന്നത്. എന്നാല്‍ ഭരണം മാറിയതോടെ കപ്പല്‍ പൊളിക്കാനുള്ള രേഖകള്‍ കമ്പനി അധികൃതര്‍ നേടിയെടുത്തിട്ടുണ്ട്. കപ്പല്‍ കരയില്‍ നിന്നു പൊളിക്കണമെന്ന് നേരത്തെ കമ്പനിക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കപ്പല്‍ പൊളിക്കാനുള്ള നീക്കം നടക്കുന്നതിനാല്‍ കരയിലേക്കു കയറ്റാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുമില്ല. ഇതോടെ ജലത്തിലൂടെ വീണ്ടും അഴീക്കല്‍ ഭാഗത്ത് മലിനീകരണം ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കപ്പല്‍ പൊളി നടന്നിരുന്നത്. കപ്പല്‍ പൊളിക്കുന്നവര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാവുന്നതായും നേരത്തെ കപ്പല്‍ പൊളിവിരുദ്ധ സമിതി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."