കുന്നംകുളം താലൂക്ക് ഓഫിസ് കെട്ടിട സമുച്ചയ നിര്‍മാണത്തിന് 10 കോടിയുടെ ഭരണാനുമതി
കുന്നംകുളം: കുന്നംകുളം താലൂക്ക് ഓഫിസ് കെട്ടിടസമുച്ചയ നിര്‍മാണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ആദ്യം അനുവദിച്ച രണ്ട് താലൂക്കുകളില്‍ ഒരു താലൂക്കാണ് കുന്നംകുളം. താലൂക്കിന്റെ ഔപചാരിക ഉദ്ഘാടനം 2018 മാര്‍ച്ച് 31ന് മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. ആസ്ഥാനമന്ദിരം പണിയുവാന്‍ കഴിഞ്ഞ ബജറ്റിലാണ് തുക വകയിരുത്തിയിരുന്നത്. താലൂക്ക് ഓഫിസ് നിലവില്‍ പ്രവര്‍ത്തിച്ച മുനിസിപ്പല്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് പുതുതായി ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് രജിസ്ട്രാര്‍ (സഹകരണം) ഓഫിസുകള്‍ ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. താലൂക്ക് കൂടാതെ സപ്ലൈ ഓഫിസ് ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്. താലൂക്ക് ഓഫിസിനോടനുബന്ധിച്ച് ആരംഭിക്കുന്ന എല്ലാ ഓഫിസുകളും ഒരു കെട്ടിടസമുച്ചയത്തില്‍ കേന്ദ്രീകരിക്കുന്നതിനുവേണ്ടി പൊതുമരാമത്ത് കെട്ടിടവിഭാഗം സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. താലൂക്ക് പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഭരണാനുമതി ലഭിച്ചുകഴിഞ്ഞു.
സാങ്കേതികാനുമതിയും തുടര്‍നടപടികളും ത്വരിതപ്പെടുത്തുന്നതിനും കെട്ടിടനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും തഹസീല്‍ദാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തുകൊണ്ട് കഴിഞ്ഞ ദിവസം കുന്നംകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ കെട്ടിടനിര്‍മാണത്തിനായി സാങ്കേതിക അനുമതിയും തുടര്‍നടപടികളും വേഗത്തിലാക്കുവാനും നിര്‍മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."