മാര്‍ക്കറ്റിലെത്തിയ ഭീമന് മത്സ്യം കൗതുകമുണര്‍ത്തി
എട്ടു മത്സ്യങ്ങള്‍ക്കും കൂടി മൊത്ത കച്ചവടമാണെങ്കില്‍ 3,24000 രൂപ വരെ ലഭിക്കുമെന്നു തൊഴിലാളികള്‍ പറയുന്നു
കാഞ്ഞങ്ങാട്: കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിലെത്തിയ ഭീമന് മത്സ്യങ്ങളെ കണ്ടു ജനം അത്ഭുതപ്പെട്ടു. കര്‍ണാടകയിലെ മല്പയില് നിന്നുമാണു മൂന്നു കിന്റലോളം തൂക്കം വരുന്ന എട്ടു കൂറ്റന്‍ മത്സ്യങ്ങള്‍ കാഞ്ഞങ്ങാട്ടെ മാര്‍ക്കറ്റിലെത്തിയത്.
കാഞ്ഞങ്ങാട്ടെ ശരീഫ്,മൊയ്തീന് കുഞ്ഞി,അബ്ദുല്‍ റഹിമാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള എ.ബി.എഫ് മത്സ്യ വില്പന കമ്പനിയാണ് ഈ ഭീമന് മത്സ്യങ്ങളെ കൊണ്ട് വന്നത്.
കട്ടക്കോരന്, ഓല മത്സ്യം എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നതായി ഇവര്‍ പറഞ്ഞു. ഒരു കിലോയ്ക്ക് 250 രൂപ വരെ ഇതിനു വിലയുണ്ടെന്നും ഇപ്പോള്‍ 180 രൂപ വരെ ഇതിനു മൊത്തക്കച്ചവടം നടത്തുമ്പോള്‍ കിട്ടുമെന്നും ഇവര്‍ പറഞ്ഞു.
മൂന്നു കിന്റലോളം തൂക്കം വരുന്ന നീളം കൂടിയ രണ്ടു മത്സ്യങ്ങളെ രണ്ടു കഷ്ണമാക്കി മാറ്റിയാണു ലോറിയില്‍ കയറ്റിയത്. ബാക്കിയുള്ള ആറെണ്ണത്തിനു രണ്ടു ക്വിന്റല്‍ വീതം തൂക്കം വരുമെന്നും വ്യാപാരികള്‍ പറഞ്ഞു.
ഈ എട്ടു മത്സ്യങ്ങള്‍ക്കും കൂടി മൊത്ത കച്ചവടമാണെങ്കില്‍ 3,24000 രൂപ വരെ ലഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
മല്പയില് നിന്നു ഈ മത്സ്യം കൊണ്ട് വന്ന വാഹനത്തില്‍ നിന്നു യൂനുസ് വടകരമുക്ക്,പ്രദീപ്,കൃഷ്ണന് പയ്യന്നൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം ചുമട്ടു തൊഴിലാളികള്‍ ചേര്‍ന്നാണ് ഈ ഭീമന് മത്സ്യങ്ങളെ ലോറിയില്‍ കയറ്റി വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."