തെരുവുനായ ആക്രമണം: 24 പേര്‍ക്ക് 33.37 ലക്ഷം നഷ്ടപരിഹാരം നല്‍കണം
ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ ആക്രമണം സംബന്ധിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന 24 പേര്‍ക്ക് 33.37 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം ഇരകള്‍ വസിക്കുന്ന അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
തെരുവുനായശല്യം സംബന്ധിച്ച ഒരുകൂട്ടം ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേരളത്തിലെ തെരുവുനായ ആക്രമണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ജസ്റ്റിസ് സിരിജഗന്‍, സമിതിക്കു ലഭിച്ച 402 പരാതികളില്‍ 24 എണ്ണത്തില്‍ ആകെ 33,37,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ശുപാര്‍ശചെയ്തിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഇതുപ്രകാരം തെരുവുനായ കാരണമുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ കാഞ്ഞിരംകുളം സ്വദേശി പി.എസ് ബിജുവിന് ഗ്രാമപഞ്ചായത്ത് 18.5 ലക്ഷം രൂപ നല്‍കണം. സമാനമായ മറ്റൊരപകടത്തില്‍ ഭര്‍ത്താവ് മരിച്ച കൊല്ലം സ്വദേശിനി ഷെമിക്ക് കൊല്ലം കോര്‍പറേഷന്‍ 7.6 ലക്ഷം രൂപയും തെരുവനായയുടെ കടിയേറ്റ തിരുവനതപുരത്തെ മൂന്ന് വയസുള്ള കുട്ടിക്ക് കുളക്കട പഞ്ചായത്ത് 81,500 രൂപയും നഷ്ടപരിഹാരം നല്‍കേണ്ടിവരും. നഷ്ടപരിഹാരം നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ വളര്‍ത്തുനായയുടെ കടിയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശചെയ്തിരുന്നില്ല.
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതു നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ പാടുള്ളൂവെന്ന മുന്‍നിര്‍ദേശം സുപ്രിംകോടതി ഇന്നലെയും ആവര്‍ത്തിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് ജനങ്ങള്‍ക്കു ഭീഷണിയായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് കോടതി എതിരല്ല. എങ്കിലും അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു. തെരുവുനായ്ക്കള്‍ക്ക് അഭയകേന്ദ്രം ഒരുക്കുന്നതിനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. തെരുവുനായശല്യം പരിഹരിക്കാനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും ഏതെല്ലാം വിധത്തിലുള്ള നടപടികളാണ് തയാറാക്കുന്നതെന്നും അറിയിക്കാനും നിര്‍ദേശം നല്‍കിയ കോടതി, ഇതുസംബന്ധിച്ചു നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, കേസിലെ പ്രശ്‌നം രൂക്ഷമാണെന്നും തെരുവുനായ്ക്കള്‍ക്കു മനുഷ്യരെക്കാള്‍ അവകാശമുണ്ടോയെന്നും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ സാബു സ്റ്റീഫന്‍ ചൂണ്ടിക്കാട്ടിയത് കോടതിയുടെ അതൃപ്തിക്കിടയാക്കി. നായ്ക്കള്‍ക്ക് മനുഷ്യരെക്കാള്‍ അവകാശമുണ്ടെന്ന് എവിടെയാണ് പറഞ്ഞതെന്ന് ബെഞ്ചിന്റെ അധ്യക്ഷന്‍ ദീപക് മിശ്ര തിരിച്ചുചോദിച്ചു. മനുഷ്യരെക്കാള്‍ അവകാശം മൃഗങ്ങള്‍ക്കാണെന്നു കോടതി എവിടെയും പറഞ്ഞിട്ടില്ല. തെരുവുനായകളെ ഇല്ലാതാക്കുമ്പോള്‍ അതു നിയമപ്രകാരം ആവണം എന്നു മാത്രമെ ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുള്ളൂ- ദീപക് മിശ്ര പറഞ്ഞു. കേരളത്തിലെ ചിലയിടങ്ങളില്‍ തെരുവുനായ മനുഷ്യര്‍ക്കു ഭീഷണിയായിട്ടുണ്ട്. എന്നുകരുതി എല്ലാ തെരുവുനായ്ക്കളെയും കൊല്ലണമെന്ന വിധത്തിലുള്ള പരുക്കന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കോടതിക്കു കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് വേനലവധി കഴിഞ്ഞു തുറന്ന ശേഷം ജൂലൈ പത്തിനു വീണ്ടും പരിഗണിക്കും.
അതേസമയം, സിരിജഗന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ നായ്ക്കളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ഇക്കാര്യം ജൂലൈയില്‍ പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."