HOME
DETAILS

പൗരത്വ സമരം: സാധ്യതയും വെല്ലുവിളികളും

  
backup
February 21 2020 | 00:02 AM

caa-protest-818273-2020

 


ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്‌ലിം ഉന്മൂലന പദ്ധതിയുടെ ഭാഗമാണ് പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി. മൂന്ന് അയല്‍രാഷ്ട്രങ്ങളില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്ന ഈ നിയമം അടിമുടി വംശീയമാണെന്ന് ആംനസ്റ്റി മുതല്‍ യു.എന്‍ വരെ അഭിപ്രായപ്പെട്ടതാണ്. പൗരത്വ നിയമ ഭേദഗതിക്ക് ശേഷം ഇന്ത്യയില്‍ അനുദിനം ശക്തിപ്പെടുന്ന പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ആലോചനയാണ് ഈ കുറിപ്പ്.


2014ല്‍ 282 സീറ്റുമായി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരിച്ച ശേഷം 2019ല്‍ 303 സീറ്റും 37.36 ശതമാനം വോട്ടുമായി രണ്ടാം തവണയും അധികാരത്തിലെത്തി. ഒന്നാം മോദി സര്‍ക്കാരിന് ദുര്‍ബലമായ ഒരു പ്രതിപക്ഷത്തെ പോലും നേരിടേണ്ടി വന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാനുള്ള സീറ്റുകള്‍ പോലും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 2014ല്‍ ലഭിച്ചില്ല. 2019ല്‍ 21 സീറ്റുകള്‍ അധികം നേടി ബി.ജെ.പി ശക്തി വര്‍ധിപ്പിച്ചപ്പോള്‍ പ്രതിപക്ഷം പഴയതു പോലെ ദുര്‍ബലമായി തന്നെ തുടര്‍ന്നു. എന്‍ഫോഴ്‌സ്‌മെന്റിന് അറസ്റ്റ് അധികാരം നല്‍കി പ്രതിപക്ഷ നേതാക്കളെ ഒന്നു കൂടി ഭയപ്പെടുത്തിയാണ് രണ്ടാം മോദി സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഏകാധിപത്യവും ഹിന്ദുത്വ പദ്ധതികളും നിര്‍ബാധം തുടരാമെന്ന പ്രതീക്ഷ മോദി - ഷാ സഖ്യത്തിന് രണ്ടാം വരവിലും ഉണ്ടായിരുന്നു. ബാബരി കേസിലെ അസാധാരണ വിധി ന്യൂനപക്ഷ സമുദായം വിമര്‍ശനം പോലുമില്ലാതെ സ്വീകരിച്ചു. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമവും എതിര്‍പ്പുകളേതുമില്ലാതെ പാര്‍ലമെന്റ് പാസാക്കി.


പ്രതിപക്ഷത്ത് ചെറു പ്രതികരണം പോലും ദൃശ്യമല്ലാതെ വന്നപ്പോള്‍ ഹിന്ദുത്വ അജന്‍ഡയിലെ സുപ്രധാന ഇനമായ പൗരത്വ നിയമവും ബി.ജെ.പി പുറത്തെടുത്തു. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെ പൗരത്വ ബില്ല് നിയമമാക്കിയപ്പോള്‍ ഇനി ആരെയും ഭയക്കാനില്ലെന്ന് മോദി - ഷാ സഖ്യം കരുതി. ഈ ഘട്ടത്തിലാണ്, അതിനകം വലിയ തോതില്‍ പ്രക്ഷുബ്ധ ചിന്തകളോടെ കഴിഞ്ഞിരുന്ന രാജ്യത്തെ കാംപസുകള്‍ ചെറുത്തുനില്‍പ്പുമായി തെരുവിലിറങ്ങിയത്. കേന്ദ്ര ഭരണകൂടത്തിന്റെ സംഹാരശേഷി ഭയന്ന് കഴിഞ്ഞിരുന്ന അനേക ലക്ഷം സാധാരണ മനുഷ്യര്‍ സ്വാഭാവികമെന്നോണം തെരുവിലിറങ്ങി. ഹിന്ദുത്വ ഭരണകൂടത്തിനെതിരേ ദേശീയ പതാകയുമായി ജനങ്ങള്‍ തെരുവുകള്‍ കയ്യടക്കി.

മുസ്‌ലിം സംഘാടനം സമരത്തിന്റെ ആരംഭത്തില്‍ പ്രകടമായി കാണാമെങ്കിലും ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വസിക്കുന്നവരും സംഘടനകളും പിന്തുണയുമായി വന്നു.


ഇന്ത്യന്‍ സമൂഹത്തില്‍ മുസ്‌ലിം ചിഹ്നങ്ങളും വിലാസവും അസ്പൃശ്യവും അരോചകവുമാക്കി പ്രതിഷ്ഠിക്കുന്നതില്‍ സംഘ്പരിവാറും കേന്ദ്രസര്‍ക്കാരും വലിയൊരളവ് വിജയിച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് ഈ സമരം പൊട്ടിപ്പുറപ്പെടുന്നത്. തൊപ്പിയും തട്ടവും കുറിയും ഭസ്മവും ധരിച്ച ശരീരങ്ങള്‍ ഒരു പോലെ സമരങ്ങളില്‍ ചേര്‍ന്നു നിന്നു. ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയുടെ തെരുവില്‍ മുസ്‌ലിംകളുടെ ഇമാമായി സമരം നയിച്ചു. ഷഹീന്‍ബാഗിലെ സഹന സമരത്തിലുള്ള ഉമ്മമാര്‍ക്ക് പഞ്ചാബില്‍ നിന്നെത്തിയ സിഖ് സംഘങ്ങള്‍ ഭക്ഷണം പാചകം ചെയ്ത് വിളമ്പി.

യോഗി സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിക്ക് കീഴില്‍ ഞെരിഞ്ഞുകഴിഞ്ഞ മുസ്‌ലിം സമുദായവും സമരത്തിനിറങ്ങി. യോഗിയുടെ ഹിന്ദുത്വ പൊലിസ് നിര്‍ദാക്ഷിണ്യം വെടിവയ്പ്പ് നടത്തിയപ്പോള്‍ മുപ്പത് ജീവനുകള്‍ പൊലിഞ്ഞു. ഭരണകൂട ഭീകരത കണ്ട് ഭയക്കാതെ കാണ്‍പൂരും ലഖ്‌നൗവും അടക്കമുള്ള നഗരങ്ങളില്‍ ഷഹീന്‍ബാഗുകള്‍ ഉയര്‍ന്നു. മുപ്പത് മനുഷ്യരുടെ ജീവന്‍ ബലി നല്‍കിയപ്പോള്‍ ഇനി എന്തു ഭയക്കാനെന്ന് ആ മനുഷ്യര്‍ കരുതിക്കാണണം. യോഗിയുടെ രാക്ഷസ നീതിയെ ഭയക്കാതെ ഇന്നും അവിടെ സമരങ്ങള്‍ നടക്കുന്നു. കരിനിയമങ്ങള്‍ ചുമത്തി നിരവധി മുസ്‌ലിംകളെ യോഗി ജയിലിലടച്ചു. അറബിക്കോളജുകളില്‍ കയറി പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു. മുസ്‌ലിം കടകള്‍ പൊലിസ് താഴിട്ടുപൂട്ടി. ലക്ഷങ്ങള്‍ പിഴ ചുമത്തി. എന്നിട്ടും യു.പിയിലെ ന്യൂനപക്ഷ മുസ്‌ലിം സമൂഹം സമരത്തില്‍ തുടരുന്നു എന്നത് അത്ഭുതകരമാണ്.


കര്‍ണാടകയിലെ മംഗളൂരുവില്‍ രണ്ട് ജീവനുകളാണ് പൊലിസ് വെടിവയ്പ്പില്‍ പൊലിഞ്ഞത്. പൗരത്വ നിയമത്തിനെതിരേ നാടകം കളിച്ചതിന് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലെ സ്‌കൂളിലെ വനിതാ പ്രിന്‍സിപ്പലിനെ ജയിലില്‍ അടച്ചു. ബാബരി മസ്ജിദ് പൊളിക്കുന്ന പ്രതീകാത്മക നാടകം കളിച്ച, കല്ലട്ക പ്രഭാകര്‍ എന്ന ആര്‍.എസ്.എസ് നേതാവിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരേ യെദ്യൂരപ്പ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. എന്നിട്ടും ബംഗളൂരുവില്‍ ഷഹീന്‍ബാഗ് മോഡല്‍ സമരം നടക്കുന്നു. മംഗളൂരുവില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം നടക്കുന്നു. തമിഴ്‌നാട്ടിലും സമാന രീതിയില്‍ പൊലിസ് നടപടിയുണ്ടായി. പൊലിസ് നടപടിക്ക് തൊട്ടുപിറകെ ചെന്നൈ വണ്ണിയാപുരം അടക്കമുള്ള സ്ഥലങ്ങളില്‍ കൂട്ടത്തോടെ സമരപ്പന്തലുകള്‍ ഉയരുന്നതാണ് കണ്ടത്. സമരപ്പന്തലില്‍ വിവാഹം വരെ നടന്നു.


മോദി അധികാരത്തില്‍ എത്തിയത് മുതല്‍ ഇന്ത്യന്‍ മുസ്‌ലിംകളില്‍ പടര്‍ന്ന ഭീതി ഘട്ടം ഘട്ടമായി കൊഴിഞ്ഞു പോയി എന്നതാണ് പൗരത്വ സമരത്തിന്റെ ഇതുവരെയുള്ള പരിണതി. അതായത് ഭയമെന്ന മലയെ മുസ്‌ലിംകള്‍ ചുമക്കുന്നത് നിര്‍ത്തി എന്നതാണത്. ഒരുമിച്ച് എഴുന്നേറ്റ് നിന്ന് ഭരണകൂടത്തോട് നീതി ചോദിക്കാനും മതനിരപേക്ഷ പ്രസ്ഥാനങ്ങളോട് സംസാരിക്കാനും വലിയ മുന്‍കൈ മുസ്‌ലിം സമുദായത്തില്‍ നിന്നുണ്ടായി എന്നതാണ് ഈ പൗരത്വ സമരകാലത്തെ പ്രതീക്ഷാ നിര്‍ഭരമായ കാഴ്ച.


തമിഴ്‌നാട്ടില്‍ മുസ്‌ലിം സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തെ സജീവമായി പിന്തുണച്ച ഡി.എം.കെ രണ്ടരക്കോടി ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്ക് അയച്ചു. ആന്ധ്രയിലും തെലങ്കാനയിലും കര്‍ണാടകത്തിലുമെല്ലാം മുസ്‌ലിം മുന്‍കൈയിലുള്ള സമരങ്ങളെ അഭിസംബോധന ചെയ്യാനും പിന്തുണക്കാനും മതേതര പാര്‍ട്ടികള്‍ തയാറായി. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. പൗരത്വനിയമത്തിനെതിരേ നിയമസഭാ പ്രമേയം പാസാക്കി. ഇരകള്‍ എന്ന നിലയില്‍ നിരന്തര പ്രക്ഷോഭത്തില്‍ തുടരേണ്ട നിര്‍ബന്ധിതാവസ്ഥ മുസ്‌ലിം സമുദായത്തിനുണ്ട്.
എന്നാല്‍ ഇന്ത്യന്‍ മതനിരപേക്ഷതയെയും ഭരണഘടനയെയും തകര്‍ക്കുന്ന നിയമം എന്ന നിലയില്‍ സമരത്തെ പിന്തുണക്കേണ്ടതിന്റെ അനിവാര്യത മതേതര പാര്‍ട്ടികള്‍ക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. മോദി സര്‍ക്കാരിനെതിരേ ജനകീയമായ ഒരു പ്രക്ഷോഭമോ ചെറുത്ത് നില്‍പ്പോ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല.


മഹാരാഷ്ട്രയിലെ കര്‍ഷക ലോങ് മാര്‍ച്ച് ഒഴിച്ചാല്‍ വിപുലമായ ഒരു പ്രക്ഷോഭവും ഈ വര്‍ഷങ്ങളില്‍ കണ്ടിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തെ അപ്പാടെ സ്പര്‍ശിക്കും വിധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രാജ്യത്തിന്റെ തെരുവുകളില്‍ നിരന്തരം പ്രക്ഷോഭം നടക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. അതിനിടെ നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയെയും മറികടന്ന് കെജ്‌രിവാള്‍ അധികാരം നിലനിര്‍ത്തി.
കേന്ദ്രത്തിലെ ബി.ജെ.പി ഭരണം അവസാനിപ്പിക്കാന്‍ കഴിയും വിധം ഈ ജനകീയ മുന്നേറ്റത്തെ വികസിപ്പിക്കേണ്ട ഉത്തരവാദിത്തം വ്യവസ്ഥാപിത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ്. രാജ്യത്തെ 163 ലോക്‌സഭാ സീറ്റുകളില്‍ വിധി നിര്‍ണയിക്കാന്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ക്ക് കഴിയുമെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഒന്നും രണ്ടും മോദി സര്‍ക്കാരുകള്‍ അധികാരം പിടിച്ചത് ഹിന്ദുവോട്ടുകള്‍ ഏകീകരിച്ചത് കൊണ്ട് മാത്രമല്ല, ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചത് കൊണ്ട് കൂടിയാണ്. ബി.ജെ.പി ഭിന്നിപ്പിച്ച മതേതര ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായി മാറ്റാവുന്ന അവസരം കൂടി ഈ സമരം ഒരുക്കുന്നുണ്ട്.


പൗരത്വ സമരത്തിന്റെ രാഷ്ട്രീയം അതിനാല്‍ തന്നെ ഇന്ത്യന്‍ ഫാസിസ്റ്റുകളെ കടപുഴക്കാന്‍ ശേഷിയുള്ളതാണ്. ഈ സമരങ്ങള്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിം സംഘാടനത്തില്‍ തുടരുന്നതിനാല്‍ അത് ഹിന്ദു വിരുദ്ധമാണെന്ന് മുദ്രകുത്താന്‍ തുടക്കം മുതല്‍ ഹിന്ദുത്വ ശക്തികള്‍ ശ്രമിച്ചു. സമരത്തിനെതിരെയുള്ള പ്രചാരണം കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയില്‍ നിന്ന് നേരിട്ട് ആര്‍.എസ്.എസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി. പരമാവധി പ്രകോപനത്തിന് സംഘ്പരിവാര്‍ ശ്രമിച്ചെങ്കിലും വിശാലമായ മാനവികതയും സൗഹൃദവും കൊണ്ട് സമരക്കാര്‍ അതിനെ അതിജയിച്ചു.


അപ്പോഴും വാരാണസിയില്‍ പോയി മോദി പ്രഖ്യാപിച്ചത് പൗരത്വ നിയമം പിന്‍വലിക്കില്ല, കശ്മിരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല എന്നൊക്കെയാണ്. ഹിന്ദുത്വവാദികള്‍ക്കിടയിലെ വീരപരിവേഷം നിലനിര്‍ത്താന്‍ മോദിക്ക് അങ്ങനെയൊക്കെ പറയണമായിരിക്കും. എന്നാല്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയുമായി എത്രകാലം മോദി സ്വന്തം പൗരന്‍മാരോട് യുദ്ധം ചെയ്യുമെന്ന് കണ്ടറിയാം. ഡല്‍ഹിയില്‍ പിഴച്ചുവെന്ന ബി.ജെ.പിയുടെ ചാണക്യന്‍ അമിത് ഷായുടെ കുറ്റസമ്മതം കൂടി ഇതോട് ചേര്‍ത്തുവായിക്കണം. മതേതര പാര്‍ട്ടികള്‍ പൗരത്വ പ്രക്ഷോഭത്തില്‍ നിരന്തരമായി തുടരുന്നില്ല എന്ന ഒരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സമരത്തിന് അവരുടെ പിന്തുണയുണ്ട് താനും. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും അഴിമതിയും വിഷയമാക്കി സമാന്തരമായി മറ്റൊരു സമരം കൂടി ആരംഭിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനതയുടെ വിശാലമായ ഒരു ജനകീയ മുന്നേറ്റമായി അത് മാറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago