വിദര്‍ഭയെത്തി, പിച്ചുമൊരുങ്ങി; അങ്കം നാളെ
കൃഷ്ണഗിരി (വയനാട്): ചരിത്രത്തിലാദ്യമായി രഞ്ജി ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇടം കണ്ടെത്തിയ കേരളത്തെ എതിരിടാന്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭ വയനാട്ടിലെത്തി. ഇന്നലെ വൈകിട്ടോടെയാണ് വിദര്‍ഭ ടീം ചുരംകയറിയെത്തിയത്. ഒപ്പം പിച്ചിന്റെ അവസാന മിനുക്കുപണികളും കൃഷ്ണഗിരിയില്‍ പൂര്‍ത്തിയായി. ഇന്ന് ഇരു ടീമുകളും വ്യത്യസ്ത സമയങ്ങളില്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തും. നാളെയാണ് അങ്കം തുടങ്ങുന്നത്.
കഴിഞ്ഞ രഞ്ജിയില്‍ ചരിത്രംകുറിച്ച് ക്വാര്‍ട്ടറില്‍ കടന്ന കേരളത്തെ സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ നിലംതൊടീക്കാതെയായിരുന്നു വിദര്‍ഭ തകര്‍ത്ത് വിട്ടത്. അന്ന് 412 റണ്ണിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയ വിദര്‍ഭയുടെ വിജയത്തേരോട്ടം അവസാനിച്ചത് രഞ്ജി ട്രോഫിയില്‍ മുത്തമിട്ടാണ്. അതേ മികവ് ആവര്‍ത്തിച്ചാണ് ഇത്തവണയും വിദര്‍ഭയുടെ വരവ്. എന്നാല്‍ മുന്‍വര്‍ഷത്തെ പരാജയത്തിന് മറുപടി പറയുകയെന്ന ലക്ഷ്യമാണ് കേരളത്തിനുള്ളത്. ഒപ്പം താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നുള്ളതും കേരള ക്യാംപിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കൃഷ്ണഗിരിയില്‍ ടീമിനൊപ്പം ഭാഗ്യം കൂടി കടാക്ഷിച്ചാല്‍ വിദര്‍ഭയെയും അട്ടിമറിക്കാമെന്ന പ്രതീക്ഷയും കേരള ക്യാംപിനുണ്ട്. ഇതിനായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഗ്രൗണ്ടില്‍ കേരള ടീമംഗങ്ങള്‍ കഠിന പരിശീലനത്തിലായിരുന്നു. എന്നാല്‍ വിദര്‍ഭ നിലവിലെ ഫോം തുടര്‍ന്നാല്‍ പിടിച്ചുകെട്ടുക അസാധ്യമായിരിക്കും.
ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിനെ തകര്‍ത്ത് വിട്ടത് അവരുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമായിരുന്നു. വസീം ജാഫറിന്റെ ഇരട്ടശതകവും രാമസ്വാമിയുടെയും ആദിത്യ സര്‍വാതെയുടെയും ശതകങ്ങളും അക്ഷയ് വാഡ്കറുടെ 98ഉം റണ്ണിന്റെയും പിന്‍ബലത്തില്‍ 629 റണ്ണാണ് ഒന്നാമിന്നിങ്‌സില്‍ മാത്രം വിദര്‍ഭ അടിച്ചുകൂട്ടിയത്. ഇന്നിങ്‌സിനും 115 റണ്ണിനുമായിരുന്നു അവരുടെ വിജയം. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ഫോമില്‍. ഉമേഷ് യാദവ് നയിക്കുന്ന ബൗളിങ് പടയും മൂര്‍ച്ച കൂടിയതാണ്. ഇതുതന്നെയാണ് അവരെ മറ്റ് ടീമുകളില്‍നിന്ന് വ്യത്യസ്തരാക്കുന്നത്. കേരളത്തിന്റെ ദിവസത്തില്‍ കേരളത്തെ പിടിച്ചുകെട്ടുക അസാധ്യമാണെന്ന് അവര്‍ ഹിമാചലിനെതിരായ കളിയിലും കൃഷ്ണഗിരിയില്‍ ഗുജറാത്തിനെതിരായ ക്വാര്‍ട്ടറിലും തെളിയിച്ചതാണ്. അതുകൊണ്ട് തന്നെ സെമി ഫൈനല്‍ പോരാട്ടം പ്രവചനങ്ങള്‍ക്കും മേലെയാകുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."