കോഹ്‌ലി
ദുബൈ: റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന് ഒരു പുത്തരിയല്ല. ആധുനിക ക്രിക്കറ്റിലെ കേമന്‍ താന്‍ തന്നെയെന്ന് തെളിയിച്ച കോഹ്‌ലി ഇക്കുറി ഐ.സി.സിയുടെ മൂന്ന് പുരസ്‌കാരങ്ങളും തന്റെ അക്കൗണ്ടിലെത്തിച്ചു. ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനൊപ്പം മികച്ച ഏകദിന, ടെസ്റ്റ് താരമായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് ഐ.സി.സിയുടെ മൂന്നു പ്രധാനപ്പെട്ട അവാര്‍ഡുകളും ഒരു താരം കൈക്കലാക്കുന്നത്. ഐ.സി.സിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായും തിരഞ്ഞെടുത്തത് കോഹ്‌ലിയെയാണ്. 36 അംഗ വോട്ടിങ് പാനല്‍ എതിരില്ലാതെയാണ് കോഹ്‌ലിയെ വിജയിയായി തിരഞ്ഞെടുത്തത്. മൂന്നു ഫോര്‍മാറ്റിലും കഴിഞ്ഞ വര്‍ഷം നടത്തിയ അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ് കോഹ്‌ലിയെ വീണ്ടും ക്രിക്കറ്റിലെ രാജാവാക്കിയത്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയും ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനുമാണ് വോട്ടിങില്‍ രണ്ടാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഐ.സി.സി ക്രിക്കറ്ററും, ഏകദിന ക്രിക്കറ്ററുമായിരുന്ന കോഹ്‌ലി ഇക്കുറി ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ അവാര്‍ഡും കൂടി തന്റെ അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയറിനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേര്‍സ് ട്രോഫി നേടുന്ന ആദ്യ താരമാണ് കോഹ്‌ലി.
നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. എല്ലാ ഫോര്‍മാറ്റിലും കൂടെ 37 മത്സരങ്ങളില്‍ നിന്ന് 68.37 ശരാശരിയില്‍ 2735 റണ്‍സാണ് കോഹ്‌ലി 2018ല്‍ വാരിക്കൂട്ടിയത്. 11 സെഞ്ചുറികളും 9 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 13 ടെസ്റ്റുകളില്‍നിന്ന് 55.08 ശരാശരിയില്‍ അഞ്ചു സെഞ്ചുറികളടക്കം കോഹ്‌ലി 1322 റണ്‍സും 14 ഏകദിനങ്ങളില്‍നിന്ന് ആറു സെഞ്ചുറികളടക്കം 1202 റണ്‍സും ഇന്ത്യന്‍ ക്യാപ്റ്റന്‍ വാരിക്കൂട്ടി. ഐ.സി.സി വനിതാ ക്രിക്കറ്ററായി ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു.
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് നേടിയ ഋഷഭ് 11 ക്യാച്ചുകളുമായി ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
കുമാര്‍ ദര്‍മസേന 2018 ലെ മികച്ച അംപയറിനുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി ജേതാവായി. 2018ലെ മികച്ച അസോസിയേറ്റ് ക്രിക്കറ്ററായി സ്‌കോട്‌ലന്‍ഡ ്താരം കാലം മക്ലിയോഡിനെ തിരഞ്ഞെടുത്തു. സിപിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ കിരീട നേട്ടത്തെ മികച്ച ഫാന്‍സ് മൊമെന്റ്‌സ് ആയി തിരഞ്ഞെടുത്തു. ഏറ്റവും നല്ല ടി20 പ്രകടനത്തിനുള്ള പുരസ്‌കാരം ആസ്‌ത്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് സ്വന്തമാക്കി. സിംബാബ്‌വെക്കെതിരേ 76 പന്തില്‍ 16 ഫോറും 10 സിക്‌സുംസഹിതം നേടിയ 172 റണ്‍സാണ് താരത്തിന് ഈ ബഹുമതി നേടിക്കൊടുത്തത്. കോഹ്‌ലിയെ കൂടാതെ ഈ വര്‍ഷത്തെ മികച്ച ഏകദിന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."