യു.എസ് വൈസ് പ്രസിഡന്റ് ഇ-മെയില്‍ വിവാദത്തില്‍
വാഷിങ്ടണ്‍: മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരിക്ലിന്റന് പിന്നാലെ യു.എസ് വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സും സ്വകാര്യ ഇ-മെയില്‍ വിവാദത്തില്‍. ഇന്‍ഡ്യാന ഗവര്‍ണറായിരിക്കെ പെന്‍സ് സ്വകാര്യ ഇമെയിലുകള്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചെന്നാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഹാക്ക് ചെയ്യപ്പെട്ട സ്വകാര്യ ഇ-മെയിലാണ് പെന്‍സ് ഉപയോഗിച്ചതെന്ന് ഇന്‍ഡ്യാനാപൊളിസ് സ്റ്റാര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അതീവസുരക്ഷാ പ്രാധാന്യമുള്ള കാര്യങ്ങളും ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളുമാണ് പെന്‍സ് സ്വകാര്യ ഇ-മെയിലിലൂടെ ആശയവിനിമയം നടത്തിയത്.
ഔദ്യോഗിക ഇ-മെയിലിനൊപ്പം സ്വകാര്യ ഇ-മെയിലും മൈക്ക് പെന്‍സ് ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഓഫിസ് സ്ഥിരീകരിച്ചു. ഇന്‍ഡ്യാന ഗവര്‍ണറായിരിക്കെ നിയമം അനുസരിച്ച് മാത്രമാണ് അദ്ദേഹം ഇ-മെയില്‍ ഉപയോഗിച്ചതെന്നാണ് ഓഫിസിന്റെ വിശദീകരണമെന്ന് പത്രം പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ സ്വകാര്യ ഇ-മെയില്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചത് പെന്‍സ് പ്രചാരണവിഷയമാക്കിയിരുന്നു.
ഇന്‍ഡ്യാന സംസ്ഥാനത്തെ നിയമപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ഇ-മെയില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നില്ലെന്നാണ് പെന്‍സിന്റെ ഓഫിസ് വിശദീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."