അനധികൃത സ്വത്ത്: വി.എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാര്‍ എം.എല്‍.എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. കേസിലെ മറ്റ് പ്രതികളുടെ വീട്ടിലും റെയ്ഡ് നടന്നു. വിജിലന്‍സ് പ്രത്യേക സെല്‍ ഡിവൈ.എസ്.പി വി.എസ് അജിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ബാങ്ക് ഇടപാടുകളുടേയും മറ്റും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ശാന്തിവിള എം. രാജേന്ദ്രനാണ് രണ്ടാം പ്രതി. ശിവകുമാറിന്റെ താല്‍ക്കാലിക ഡ്രൈവര്‍ ഷൈജു ഹരന്, സുഹൃത്ത് അഡ്വ. എന്‍.എസ് ഹരികുമാര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍.
പാര്‍ലമെന്റംഗം ആയിരുന്നതു മുതല്‍ ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കേസെടുത്തത്. രണ്ടാം പ്രതിയായ എം.രാജേന്ദ്രനെ ബിനാമിയാക്കിയാണ് ശിവകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ശിവകുമാറിന്റെ ബന്ധുക്കളും പേഴ്സണല്‍ സ്റ്റാഫും അടക്കം എഴുപേര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയത്. ഇതില്‍ ശിവകുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."