ചരിത്രം ആവര്‍ത്തിച്ച് ജേക്കബ് ഗ്രൂപ്പും നെല്ലൂരും അനൂപും ഇന്നു വഴിപിരിയും
കോട്ടയം: യു.ഡി.എഫിന്റെ അനുനയനീക്കങ്ങളെ തള്ളി കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗങ്ങള്‍ ഇന്നു വഴിപിരിയും. കേരള കോണ്‍ഗ്രസ് (എം) ലെ പി.ജെ ജോസഫ് - ജോസ് കെ. മാണി വിഭാഗങ്ങള്‍ക്കു പിന്നാലെയാണ് യു.ഡി.എഫിന് പുതിയ തലവേദന സൃഷ്ടിച്ചു ജേക്കബ് ഗ്രൂപ്പും പിളരുന്നത്. ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബും ഇന്നു കോട്ടയത്ത് വെവ്വേറെ സംസ്ഥാന നേതൃയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള വിഭാഗം പബ്ലിക് ലൈബ്രറി ഹാളിലാണ് യോഗം ചേരുക. അനൂപ് ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം വിളിച്ചിരിക്കുന്നത്. പിളരാന്‍ ഉറപ്പിച്ചതോടെ പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കവും രൂക്ഷമായി. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അവകാശം തനിക്കു മാത്രമാണെന്നാണ് ജോണി നെല്ലൂരിന്റെ വാദം. അച്ചടക്കലംഘനം നടത്തിയാല്‍ അനൂപ് ജേക്കബിനെതിരേ നടപടി ഉണ്ടാവുമെന്ന് ജോണി നെല്ലൂര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അവകാശം തനിക്കു മാത്രമാണെന്നാണ് അനൂപ് ജേക്കബ് അവകാശപ്പെടുന്നത്. എട്ടു ജില്ല പ്രസിഡന്റുമാര്‍ കൂടെ ഉണ്ടെന്നാണ് ജോണി നെല്ലൂരിന്റെ വാദം. എന്നാല്‍, 13 ജില്ല പ്രസിഡന്റുമാരുടെ പിന്‍തുണ തനിക്കുണ്ടെന്ന് അനൂപ് ജേക്കബും പറയുന്നു.
രണ്ടു വഴിക്കായ കേരള കോണ്‍ഗ്രസ് (എം) ലെ ജോസഫ് വിഭാഗത്തില്‍ ലയിക്കാനുള്ള നീക്കമാണ് ജേക്കബ് ഗ്രൂപ്പിനെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. ജോണി നെല്ലൂരും സംഘവും ജോസഫ് ഗ്രൂപ്പില്‍ ലയിക്കണമെന്ന വാദക്കാരാണ്. അനൂപ് ജേക്കബും കൂട്ടരും ലയനത്തെ എതിര്‍ക്കുന്നു. ലയനത്തെ ആദ്യം അനുകൂലിച്ച അനൂപ് ജേക്കബ് പിന്നീട് പിന്മാറുകയായിരുന്നു. ഇതോടെയാണ് ജോണി നെല്ലൂരും അനൂപ് ജേക്കബും തമ്മില്‍ തെറ്റിയത്. താന്‍ ലയന നീക്കം നടത്തിയിട്ടില്ലെന്നും പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ലയനത്തിന് എതിരാണെന്നും അനൂപ് ജേക്കബ് പറയുന്നു. വളരുംതോറും പിളരുന്ന കേരള കോണ്‍ഗ്രസിന്റെ ചരിത്രം ആവര്‍ത്തിച്ചു ജോണിയും അനൂപും രണ്ടു വഴിക്കാവുന്നത് യു.ഡി.എഫിന് പുതിയ തലവേദനയായി മാറുകയാണ്. ജോസഫ് - ജോസ് വിഭാഗങ്ങളുടെ തമ്മിലടി പരിഹരിക്കാന്‍ കഴിയാതെ യു.ഡി.എഫ് നേതൃത്വം തലപുകയ്ക്കുമ്പോഴാണ് മറ്റൊരു പിളര്‍പ്പ് കൂടി എത്തുന്നത്. യു.ഡി.എഫ് ഏകോപന സമിതി സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ എടുക്കുന്ന രാഷ്ട്രീയനിലപാടില്‍ മുന്നണി നേതൃത്വത്തിന് ഗൗരവമായി തന്നെ ഇടപെടേണ്ടി വരും.
ലയനത്തിന് പിന്തുണയുമായി
യുവജന വിഭാഗവും
കൊച്ചി: പി.ജെ ജോസഫ് വിഭാഗത്തില്‍ ലയിക്കാനുള്ള കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് പിന്‍തുണ നല്‍കിയതായി കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു.ഡി.എഫിന്റെ യുവജന വിഭാഗമായ യു.ഡി.വൈ.എഫിലെ നിര്‍വാഹകസമിതി അംഗങ്ങളായ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ കുന്നുംപുറം, സംഘടനാ ചുമതലയുള്ള സ്റ്റെലിന്‍ പുല്ലംകോട്, മീഡിയ സെല്‍ കണ്‍വീനര്‍ മാത്യു പുല്യാട്ടേല്‍ തരകന്‍ എന്നിവരാണ് പിന്‍തുണ പ്രഖ്യാപിച്ചത്.
യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ഭൂരിപക്ഷം അംഗങ്ങളും ജില്ലാ,നിയോജകമണ്ഡലം, മണ്ഡലം കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരും ലയനത്തിന് പൂര്‍ണ പിന്‍തുണ നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
പാര്‍ട്ടി ലീഡര്‍ ആയിരുന്ന ടി.എം ജേക്കബിന്റെ സ്വപ്നം കൂടിയായിരുന്നു എല്ലാ കേരള കോണ്‍ഗ്രസുകളുടെയും ലയനമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."