ലഹരിവിരുദ്ധ കാവലാള്‍ ക്യാംപയിന്‍ നടത്തി
അരൂര്‍: ജനമൈത്രി പൊലിസിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അരൂരില്‍ ലഹരിവിരുദ്ധ കാവലാള്‍ ക്യാംപയിന്‍ നടത്തി. സുരക്ഷക്കായ് ജനങ്ങളും പൊലിസും ഒരുമിച്ച് ലഹരി വിരുദ്ധ കാവലാള്‍ എന്ന ആശയവുമായാണ് ക്യാംപയിന്‍ നടത്തിയത്. ആലപ്പുഴ ജില്ലാ നര്‍ക്കോട്ടിക്ക് വിഭാഗം ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് കെ.എച്ച് മുഹമ്മദ് കബീര്‍ റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ലാസ് നടത്തിയത്. ചന്തിരൂര്‍ സര്‍വീസ് സഹകരണ സംഘം ഹാളില്‍ നടന്ന യോഗത്തില്‍ അരൂര്‍, എഴുപുന്ന പഞ്ചായത്തുകളിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രദേശമാക്കുന്നതിന്റെ ഭാഗമായി അരൂര്‍ പൊലിസ് സ്റ്റേഷനില്‍ ഒരു എ.എസ്.ഐയും രണ്ട് പൊലിസ് ഉദ്ദ്യോഗസ്ഥരുമായി സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന് രൂപം കൊടുത്തിട്ടുണ്ട്. ഓരോ സ്റ്റേഷന്‍ അതിര്‍ത്തിയിലും 50 പേര്‍ അടങ്ങുന്ന സംഘങ്ങളെ രൂപീകരിക്കും. അവര്‍ നല്‍കുന്ന വിവരം രഹസ്യമായി സൂക്ഷിച്ച് ആവശ്യമായ അന്വേഷണം പോലീസ് നടത്തും. മദ്യം ഉപയോഗം കുറച്ചതും കൗമാരക്കാരായ കുട്ടികളെ വീടുകളില്‍ അവഗണിക്കുന്നതും മയക്കുമരുന്നില്‍ അഭയ പ്രാപിക്കാന്‍ ഇടനല്‍കിയതായി പഠനങ്ങള്‍ തെളിയിച്ചതായി മുഹമ്മദ് കബീര്‍ റാവുത്തര്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ സഹകരണത്തോടെ കഞ്ചാവ് മയക്കുമരുന്ന് ഉപയോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ടായിട്ടുള്ളത് കുത്തിയതോട് സര്‍ക്കിളിന്റെ കീഴിലാണ്. അരൂര്‍ പൊലിസ് സ്റ്റേഷനില്‍ എ.എസ്.ഐ എം.വി ഉദയപ്പന്റെ കീഴിലായിരിക്കും കാവലാള്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."