ആ കരുതലുള്ള കരങ്ങളെയോര്‍ത്ത് ഡോ. കവിതാ വാര്യര്‍ വിതുമ്പി...
തൃശൂര്‍: ഡോ. കവിതാ വാര്യര്‍ ഇന്നലെയെന്നപോലെ കഴിഞ്ഞ സംഭവങ്ങളെല്ലാം ഓര്‍ത്തെടുത്തു. തന്റെ ജീവന്റെ കാവലാളുകളായി എത്തിയ ആ നല്ല മനുഷ്യരെ.
അവരുടെ മനസിലേക്ക് ആ ആശുപത്രി വാസക്കാലം വീണ്ടുമെത്തി. അതില്‍ നെയ്ത്തിരിപോലെ അവര്‍ ജ്വലിച്ചുനിന്നു. പിതാവിനെപോലെ തനിക്കു നേരെ നീട്ടിയ ആ കരുതലിന്റെ കരങ്ങളെ വിതുമ്പലോടെയാണ് ഡോ. കവിതാ വാര്യര്‍ ഓര്‍ത്തെടുക്കുന്നത്.
തൃശൂര്‍ പൂച്ചട്ടി സ്വദേശിയായ കവിത തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവിനാശിയിലെ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ടി.ഡി ഗിരീഷിന്റേയും കണ്ടക്ടര്‍ ബൈജുവിന്റേയും നന്മയുള്ള ഹൃദയങ്ങളെ കുറിച്ചെഴുതിയത്. ബംഗളൂരുവിലേക്കുള്ള ഒരു ബസ് യാത്രക്കിടെയായിരുന്നു അന്ന് കവിതക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും രക്ഷകരായി ഗിരീഷും ബൈജുവും മാറിയതും. 2018 ലായിരുന്നു ആ അനുഭവം.
കവിതയുടെ ബന്ധുക്കള്‍ എത്തുന്നതുവരെ ആശുപത്രിയില്‍ കൂട്ടിരിക്കാനും ബൈജു സന്നദ്ധനായി. കാരുണ്യത്തിന്റെ ഈ മഹനീയ മാതൃക പിന്നീട് വലിയ വാര്‍ത്തയാകുകയും മികച്ച സേവനത്തിലുള്ള അംഗീകാരം ഇരുവരെയും തേടിയെത്തുകയും ചെയ്തു.'അവര്‍ നമ്മളെ വിട്ടുപോയതില്‍ എനിക്ക് വളരെയധികം ദു:ഖമുണ്ട്. എന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നില്‍ക്കാന്‍ ഒരു വ്യക്തിയെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
അദ്ദേഹം അന്ന് രക്ഷിച്ചത് എന്റെ ജീവനാണ്. നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍. നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' കവിത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച വരികള്‍ വായിക്കുന്ന ആരുടെ ഹൃദയവും ആര്‍ദ്രമാവും.
ഡോ. കവിതാ വാര്യരുടെ ജീവന്‍ രക്ഷിക്കാന്‍ ഗിരീഷും ബൈജുവും കാണിച്ച താല്‍പര്യത്തെ കുറിച്ച് ബസിലെ യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ഫാന്‍സ് പേജില്‍ എഴുതിയ കുറിപ്പില്‍നിന്ന് എത്രമാത്രം മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചവരായിരുന്നു ഇരുവരുമെന്ന് വ്യക്തമാകും. ആശുപത്രിയില്‍ അഡ്മിഷന് വേണ്ടി കളക്ഷന്‍ തുക കെട്ടിവെച്ചതും വളരെ സീരിയസ് ആയതിനാല്‍ ഒരാള്‍ ആശുപത്രിയില്‍ നിന്നാലെ ട്രീറ്റ്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാനാകൂവെന്ന് പറഞ്ഞപ്പോള്‍ ആരുമല്ലാത്തൊരാള്‍ക്കു വേണ്ടി ബന്ധുക്കള്‍ എത്തുംവരെ ആശുപത്രി വരാന്തയില്‍ കാത്തുനിന്നതുമെല്ലാം സാധാരണ ഒരു ബസ് ജീവനക്കാരനില്‍നിന്ന് പ്രതീക്ഷിക്കാവുന്നതല്ല.
ആ നല്ല മനസുകളെ അടുപ്പമുള്ളവര്‍ക്കെല്ലാം വേദനയോടെയല്ലാതെ ഓര്‍ക്കാനുമാവില്ല. ലോകം നിലനില്‍ക്കുന്നത് തന്നെ നന്മയുള്ള ഹൃദയങ്ങളിലാണെന്ന് ഇത്തരം അനുഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."