വിലക്കിനെതിരേ ശ്രീശാന്ത് നല്കിയ ഹരജിയില്‍ ബി.സി.സി.ഐക്ക് ഹൈക്കോടതി നോട്ടിസ്
കൊച്ചി: ഒത്തുകളി ആരോപണത്തെ തുടര്‍ന്നു ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരേ ശ്രീശാന്ത് നല്കിയ ഹരജിയില്‍ ബി.സി.സി.ഐ ഉള്‍പ്പെടെയുള്ള എതിര് കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹരജി ഫയലില്‍ സ്വീകരിച്ചാണു കോടതിയുത്തരവിട്ടത്. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിച്ചേക്കും.
ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നു 2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ഐ.പി.എല്‍ മത്സരങ്ങളില്‍ ഒത്തുകളി നടത്തിയെന്നരോപിച്ചു ശ്രീശാന്തിനെ 2013 മെയ് 16 നാണു മുംബൈയില്‍ നിന്നു പൊലിസ് അറസ്റ്റു ചെയ്തത്. ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്ത ബി.സി.സി.ഐ അന്വേഷണത്തിനു ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മത്സരങ്ങളിലുള്‍പ്പടെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ ബി.സി.സി.ഐയുടെയോ അതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതും തടഞ്ഞിരുന്നു.
ഒത്തുകളി ആരോപിച്ച് മഹാരാഷ്ട്ര കണ്ട്രോള് ഒഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക)പ്രകാരമുള്ള കുറ്റം ചുമത്തി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നു പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഡല്‍ഹി പൊലിസ് ശേഖരിച്ചു നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബി.സി.സി.ഐ നടപടിയെടുത്തതെന്നും പൊലിസിന്റെ കണ്ടെത്തലുകള്‍ കോടതി തള്ളിയ സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ വിലക്ക് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."