മകളുടെ ഫോണ്‍ വിളിക്ക് കാത്തുനില്‍ക്കാതെ ഗിരീഷ് മരണത്തിലേക്ക്
പെരുമ്പാവൂര്‍: ഇന്നലെ പതിവില്ലാത്തതെന്തെങ്കിലും സംഭവിക്കുമെന്ന് ദേവൂട്ടിയെന്ന അച്ഛന്റെ പൊന്നോമന എങ്ങനെ അറിയാന്‍.
അവിനാശി അപകടത്തില്‍ മരിച്ച ഗിരീഷിനെ എന്നും രാവിലെ ഫോണ്‍ വിളിച്ചിട്ടേ മകള്‍ ദേവിക സ്‌കൂളില്‍ പോകാറുള്ളൂ. കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കുപോയി തുടങ്ങിയപ്പോള്‍ മുതലുള്ള പതിവാണത്.
ഇന്നലെ തന്റെ എല്ലാമായ മകളുടെ ഫോണ്‍ എടുക്കാന്‍ ഗിരീഷിനായില്ല. ആ വിഷമത്തില്‍ അച്ഛനോട് അല്‍പം പിണക്കവുമായാണ് ദേവൂട്ടി സ്‌കൂളിലേക്ക് ഇറങ്ങാന്‍ തുടങ്ങിയത്.
മാധ്യമങ്ങളിലെ വാര്‍ത്ത കണ്ട് ബന്ധുക്കളെത്തി ദേവൂട്ടിയോട് സ്‌കൂളില്‍ പോകേണ്ടന്ന് പറഞ്ഞെങ്കിലും അവള്‍ക്ക് കാരണം അറിഞ്ഞേ മതിയാകുമായിരുന്നുള്ളൂ.
അച്ഛന് അപകടം പറ്റിയതറിഞ്ഞതോടെ ആ കുഞ്ഞുമനസ്സ് സങ്കടത്തിലായി.
വീടിനടുത്തുള്ള പുല്ലുവഴി കുറ്റിക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ ഇന്നലെ ഉത്സവമായിരുന്നു. അച്ഛന്‍ വന്നിട്ട് രാത്രി ഉത്സവത്തിന് പോകാന്‍ കൊതിച്ചിരിക്കുകയായിരുന്നു ദേവൂട്ടി.
ഉത്സവം കൂടാന്‍ മറ്റൊരാളുടെ ഡ്യൂട്ടി മാറ്റിയെടുത്തതായിരുന്നു ഗിരീഷ്. സര്‍വിസില്‍ കയറിയപ്പോള്‍ മുതല്‍ ബംഗളൂരു റൂട്ടിലായിരുന്നു ജോലി മൂന്ന് വര്‍ഷം മുന്‍പാണ് പുളിയാംമ്പിളളി നാലു സെന്റ് കോളനിയിലെ ചെറിയ വീട്ടില്‍നിന്നു പുത്തൂരാന്‍ കവലയില്‍ പുതിയവീട് പണിത് ഗിരീഷും കുടുംബവും താമസംമാറിയത്.
സര്‍വിസില്‍ കയറുന്നതിന് മുന്‍പും ഗിരീഷ് ഡ്രൈവറായിരുന്നു. ആദ്യം മീന്‍ കൊണ്ടുവരുന്ന വണ്ടിയില്‍.
പന്ത്രണ്ട് വര്‍ഷം മുന്‍പ് അവിനാശിയില്‍ വച്ച് ഗിരീഷിന് മറ്റൊരു അപകടത്തില്‍ വലതുകൈ ഒടിയുകയും ഒരു മാസത്തോളം കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവരികയും ചെയ്തിരുന്നു. മരണ വാര്‍ത്തയറിഞ്ഞതോടെ നാട് ഒന്നടങ്കം സങ്കടത്തിലായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."