മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം: മന്ത്രി ശശീന്ദ്രന്‍
തിരുപ്പൂര്‍: അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപ അനുവദിക്കും.
ബാക്കി എട്ട് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഒരുമാസത്തിനകം കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ള തിരുപ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കും. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന 50 പേരില്‍ 25 പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളതെന്ന് മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ച ബസ് ജീവനക്കാര്‍ക്ക് വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രകാരം ലഭ്യമാകുന്ന മുപ്പത് ലക്ഷം രൂപ സമയബന്ധിതമായി നല്‍കുന്നത് ഉറപ്പാക്കും. ഇന്നലെ പുലര്‍ച്ചെ 3.30തോടെ ഉണ്ടായ അപകടത്തില്‍ മൂന്ന് പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെ 19 പേരാണ് മരിച്ചത്. 25 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍കോളജിലും ബാക്കിയുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആറുപേര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലാ ഭരണകൂടം,പൊലിസ്, കെ.എസ്.ആര്‍.ടി.സി, ആശുപത്രി അധികൃതര്‍ , പൊതുജനങ്ങള്‍ എന്നിവര്‍ അഭിനന്ദനമര്‍ഹിക്കുന്നതായി മന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, രമ്യഹരിദാസ്, ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് ജില്ലാ കളക്ടര്‍ ഡി.ബാലമുരളി, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, കോയമ്പത്തൂര്‍ എം.പി പി.ആര്‍ നടരാജന്‍, തിരുപ്പൂര്‍ ജില്ലാ കലക്ടര്‍ വിജയ് കാര്‍ത്തികേയന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ രാവിലെ മുതല്‍ തിരുപ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."