കോണ്‍ഗ്രസില്‍ സീറ്റിനായി ചരടുവലികള്‍
#സുനി അല്‍ഹാദി
കൊച്ചി: നൂലില്‍ കെട്ടിയിറങ്ങിവരുന്ന സ്ഥാനാര്‍ഥികള്‍ ഇത്തവണ ഉണ്ടാവില്ലെന്ന എ.കെ ആന്റണിയുടെ വാക്കിന്റെ ബലത്തില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടാന്‍ ചരടുവലികള്‍ സജീവം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പലരും ചരടുവലികള്‍ക്കു തുടക്കമിട്ടിരുന്നത് ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നെങ്കില്‍, ഇക്കുറി കാര്യമായ അണിയറ നീക്കം നടക്കുന്നത് സംസ്ഥാനത്തിനകത്തു തന്നെയാണ്.
കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ജയസാധ്യതയുള്ളതിനാല്‍ മുതിര്‍ന്ന നേതാക്കളും ഇടത്തരം നേതാക്കളുമൊക്കെ സീറ്റിനായി സജീവമായി രംഗത്തുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിന് സംസ്ഥാനത്ത് 12 ലോക്‌സഭാംഗങ്ങളാണുള്ളത്. അതില്‍ മലപ്പുറം, പൊന്നാനി, കോട്ടയം, കൊല്ലം സീറ്റുകള്‍ മറ്റു ഘടകകക്ഷികളുടെ കൈയിലാണ്. അവശേഷിക്കുന്നതില്‍ തിരുവനന്തപുരം, മാവേലിക്കര, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിലവിലുള്ള കോണ്‍ഗ്രസ് എം.പിമാര്‍തന്നെ മത്സര രംഗത്തുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെക്കുറെ ഉറപ്പിക്കുന്നു. ഈ മണ്ഡലങ്ങളില്‍ ഇതിനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നുമുണ്ട്.
വടകര എം.പിയായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയിലേക്ക് ഇനിയൊരങ്കത്തിനു തയാറാവില്ലെന്ന പ്രതീക്ഷയില്‍ വടകര സീറ്റില്‍ കണ്ണുവച്ചുള്ള നീക്കങ്ങള്‍ സജീവമാണ്. ഒപ്പം എം.ഐ ഷാനവാസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന വയനാട്ടിലേക്കും പ്രതീക്ഷയോടെ നോക്കുന്ന നേതാക്കള്‍ ഏറെയാണ്.
സിറ്റിങ് സീറ്റുകള്‍ കഴിഞ്ഞാല്‍ പിന്നെ ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥി മോഹികള്‍ ഏറെ കണ്ണുവച്ചിരിക്കുന്നത്. യു.ഡി.എഫ് സ്വഭാവമുള്ള ചാലക്കുടി മണ്ഡലം കഴിഞ്ഞ തവണ സീറ്റു വച്ചുമാറ്റത്തെ തുടര്‍ന്നാണ് അവര്‍ക്ക് നഷ്ടമായത്. തൃശൂരില്‍ നിന്ന് സീറ്റുമാറി ചാലക്കുടിയിലെത്തിയ പി.സി ചാക്കോ സിനിമാനടന്‍ ഇന്നസെന്റിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
താന്‍ ഇക്കുറി മത്സരരംഗത്തുണ്ടാവില്ലെന്ന് പി.സി ചാക്കോ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതോടെ ഈ സീറ്റില്‍ കണ്ണുവെച്ചിരിക്കുന്നത് കോണ്‍ഗ്രസിലെ യുവ നേതാക്കളാണ്. ഇടുക്കിയില്‍ കഴിഞ്ഞ തവണ യുവനേതൃത്വത്തെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരുന്നത്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ. എന്നാല്‍ ക്രൈസ്തവ സഭകളുടെ എല്‍.ഡി.എഫ് അനുകൂല നിലപാടു കാരണം സീറ്റ് കൈവിട്ടുപോയി. യു.ഡി.എഫ് സ്വഭാവമുള്ള ഈ മണ്ഡലത്തിന് യൂത്ത് കോണ്‍ഗ്രസുകാരും കേരളാ കോണ്‍ഗ്രസ് മാണിവിഭാഗവും ഒരുപോലെ അവകാശവാദവുമായി രംഗത്തുണ്ട്.
ഫെബ്രുവരി പകുതിക്കു മുന്‍പായി യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഏറെക്കുറെ ധാരണയാകുമെന്നാണ് സൂചന. അതിനുശേഷമേ കോണ്‍ഗ്രസ് ഏതൊക്കെ സീറ്റില്‍ മത്സരിക്കുമെന്ന് വ്യക്തമാവുകയുള്ളൂ. വ്യക്തത കൈവരുന്നതോടെ സ്ഥാനാര്‍ഥിമോഹികളും പ്രത്യക്ഷമായി രംഗത്തെത്തും. അണികളുടെ പിന്തുണയുള്ള നേതാക്കളെ മാത്രമേ രംഗത്തിറക്കൂ എന്ന എ.കെ ആന്റണിയുടെ വാക്കു വിശ്വസിച്ച് താഴേത്തട്ടില്‍ പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള യജ്ഞത്തിലാണ് നേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."