കെ.എസ്.ആര്.ടി.സി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം
നിലമ്പൂര്‍:നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി ബസ് റോഡരികില്‍ നിര്‍ത്തിയ സ്കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. സ്കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് യുവതിയെ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചുതെറിപ്പിച്ചത്. നിലമ്പൂര്‍ വീട്ടിച്ചാല്‍ മട്ടിയില്‍ ചാലവന തങ്കപ്പന്റേയും കാര്‍ത്ത്യായനിയുടേയും മകള്‍ സരിതയാണ് (34) മരിച്ചത്. വടപുറം പട്ടിക്കാട് സംസ്ഥാനപാതയില്‍ കാട്ടുമുണ്ട കമ്പനിപ്പടി വളവിലാണ് അപകടം. വണ്ടൂര്‍ സ്വകാര്യ ആശുപത്രിയില്‍ അള്‍ട്രാ സൗണ്ട് സ്കാനിങ് വിഭാഗം ജീവനക്കാരിയായ സരിത മമ്പാട്ടെ താമസസ്ഥലത്തുനിന്നും ജോലിക്ക് പോകുന്നതിനിടെ രാവിലെ 8.50നാണ് അപകടമുണ്ടായത്.
തൃശൂരില്‍നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി മലബാര്‍ ബസിന്റെ ആക്സില്‍ പൊട്ടിയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സരിതയെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോയ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. സ്കൂട്ടറുമായി തെറിച്ചുവീണ സരിത ബസിനടിയില്‍പ്പെട്ട് തല്‍ക്ഷണം മരിച്ചു.
രാജേഷാണ് സരിതയുടെ ഭര്‍ത്താവ്. മക്കള്‍: ശിവനേഷ്, സുനിത, ശക്തിമൂര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."