ചൂടിനെ പേടിക്കേണ്ട; മുന്‍കരുതല്‍ എടുത്താല്‍...
കൊച്ചി: ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ തന്നെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതിനാല്‍ ആരോഗ്യസംരക്ഷണത്തിനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സൂര്യാഘാതം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍തന്നെ ഏറ്റവും അടുത്തുളള ഡോക്ടറെ കണ്ട് അടിയന്തിര ചികിത്സ തേടണം. വളരെ ഉയര്‍ന്ന ശരീരതാപം, ശരീരം വറ്റി വരണ്ടു ചുവപ്പുനിറമാകുക. നേര്‍ത്ത വേഗതയിലുളള നാഡീമിടിപ്പ,് ശക്തിയായ തലവേദന, തലകറക്കം തുടങ്ങിയവയാണു സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. തുടര്‍ന്ന് അബോധാവസ്ഥയും മരണം വരെയും ഉണ്ടായേക്കാം.
ശരീരത്തില്‍ നിന്നു ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുകയും താപശരീരശോഷണം ഉണ്ടാവുകയും ചെയ്യാം. ചൂടുകാലാവസ്ഥയില്‍ കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുളളവരിലും രക്തസമ്മര്‍ദ്ധം ഉളളവരിലുമാണ് താപശരീരശോഷണം ഉണ്ടാവാന്‍ കൂടുതല്‍ സാധ്യത.
ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
നേരിട്ട് സൂര്യതാപം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ വെയിലേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലുമാണു ക്ഷണങ്ങള്‍.
ചിലര്‍ക്കു തീപൊളളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതു പോലുള്ള കുമിളകള്‍ സൂര്യതാപമേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ചൂട് കൊണ്ടുളള പേശീവലിവ് അനുഭവപ്പെട്ടാല്‍ ചെയ്തു കൊണ്ടിരുന്ന ജോലി നിര്‍ത്തിവച്ചു വെയിലേല്‍ക്കാത്ത തണുന്ന ഭാഗത്തേക്ക് ഏതാനും മണിക്കൂര്‍ നേരം മാറി നില്‍ക്കണം. അസ്വസ്ഥത മാറുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണം.
ചൂടു കാലത്തു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ധാരാളം വെളളം കുടിക്കണം. വെയിലത്തു പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കണം.
കട്ടികുറഞ്ഞതും ഇളം നിറത്തിലുളളതുമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലിലേക്ക് മാറി നില്‍ക്കണം.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."