നോര്‍ത്ത് പാലത്തിലെ അശാസ്ത്രീയ ടാറിങ് അപകടക്കെണിയാകുന്നു
കൊച്ചി: എറണാകുളം നോര്‍ത്ത് പാലത്തിലെ അശാസ്ത്രീയ ടാറിങ് അപകടക്കെണിയാകുന്നു. ഇന്നലെ മാത്രം പത്തോളം ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെട്ടത്. ഇതോടെ സമീപ പ്രദേശത്തെ കച്ചവടക്കാരും വാഹന യാത്രികരും പ്രതിഷേധവുമായെത്തി. ഇതെ തുടര്‍ന്ന് ഏറെ നേരം നോര്‍ത്ത് പാലം വഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ഏതാനും നാളുകള്‍ മുന്‍പാണ് നോര്‍ത്ത് മേല്‍പാലത്തില്‍ അശാസ്ത്രീയമായ രീതിയില്‍ ടാറിങ് നടത്തിയത്. നഗരത്തിലെ വിവിധ റോഡുകള്‍ ടാര്‍ ചെയ്യുന്നതിന്റെ ഭാഗമായിരുന്നു നടപടി. എന്നാല്‍ പാലത്തില്‍ മാത്രം മിറ്റല്‍ ഇല്ലാതെ ടാര്‍ ഒഴിക്കുകയായിരുന്നു. പകല്‍ സമയങ്ങളില്‍ ടാര്‍ ഉരുകി ഒലിക്കാറുണ്ടെന്നും സമീപ വാസികള്‍ പറഞ്ഞു.
ഇതിനിടെ ഇന്നലെ വൈകിട്ട് അഞ്ചോടെ നഗരത്തില്‍ മഴ പെയ്തതോടെയാണ് അപകടങ്ങള്‍ ഉണ്ടായത്. മഴ വെള്ളം വീണതോടെ ടാറിങ് മിനുസപ്പെട്ടു. ഈ സമയത്ത് ഇതുവഴി വന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുകയായിരുന്നു.
കുട്ടിയടക്കം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധവുമായി യാത്രക്കാരും സമീപ പ്രദേശത്തെ വ്യാപാരികളും നോര്‍ത്ത് പാലത്തില്‍ തടിച്ചു കൂടിയത്.
നോര്‍ത്ത് പൊലിസും സ്ഥലത്തെത്തി. പിന്നീട് ഇതുവഴി വന്ന വാഹനങ്ങള്‍ പൊലിസിന്റെ നേതൃത്വത്തില്‍ തിരിച്ചുവിട്ടു. ഇതിനിടെ ഡി.എം.ആര്‍.സി അധികൃതര്‍ നേരിട്ടെത്തി എത്രയും വേഗം ടാറിങ് പുനഃസ്ഥാപിക്കാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് യാത്രക്കാര്‍ പിരിഞ്ഞു പോയത്.
മെട്രൊ നിര്‍മാണത്തിന്റെ ഭാഗമായി ഡി.എം.ആര്‍.സിയാണ് നോര്‍ത്ത് മേല്‍പാലം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."