ജലസേചന പദ്ധതികളില്‍ കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കും: മന്ത്രി
കോഴിക്കോട്: കുറ്റ്യാടി പദ്ധതി ഉള്‍പ്പെടെയുള്ള ജലസേചന പദ്ധതികള്‍ കാര്‍ഷിക വികസനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കൃഷിയിലേക്ക് ആളെക്കൂട്ടി കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാന്‍ കഴിയണമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ ജലവിഭവ വകുപ്പ് പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജലസേചന പദ്ധതികളിലൂടെ കാര്‍ഷികവികസനത്തിന് ഊന്നല്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഓരോ പദ്ധതിയിലും എത്ര കൃഷിസ്ഥലം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണു നോക്കുന്നത്. ജില്ലയിലെ 34 തദ്ദേശസ്ഥാപനങ്ങളിലേക്ക് ജലമെത്തിക്കുന്ന കുറ്റ്യാടി പദ്ധതിയില്‍ ലക്ഷ്യമിട്ടതിന്റെ എത്രയോ കുറവ് സ്ഥലത്താണ് കൃഷി നടക്കുന്നത്. ഇതു പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പ് മുന്‍ഗണന നല്‍കുമെന്നും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും കൃഷി ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൃഷിവികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി കമ്മ്യൂണിറ്റി മൈക്രോ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും. കൃഷിഭൂമി കുറയുന്നത് ആശങ്കയോടെയാണു കാണേണ്ടത്. കൃഷിയില്‍നിന്ന് നല്ല വരുമാനം ഉണ്ടാക്കുന്നതിനു ശാസ്ത്രീയ രീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കണം. ഇതുവഴി ഉല്‍പാദനം മൂന്നിരട്ടി വര്‍ധിപ്പിക്കാനാകും. അശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുന്നതു കൊണ്ടാണ് ഈ മേഖലയില്‍ വലിയ പുരോഗതി കൈവരിക്കാനാകാത്തത്- മന്ത്രി പറഞ്ഞു.
ജില്ലയിലെ ജല അതോറിറ്റിയുടെ വിവിധ കുടിവെള്ള പദ്ധതികള്‍, വന്‍കിട-ചെറുകിട ജലസേചന പദ്ധതികള്‍, കുറ്റ്യാടി ജലസേചന പദ്ധതി എന്നിവയുടെ പുരോഗതി യോഗം അവലോകനം ചെയ്തു. ജപ്പാന്‍ കുടിവെള്ള പദ്ധതി മെയ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജല അതോറിറ്റി യോഗത്തില്‍ ഉറപ്പുനല്‍കി. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വേഗത വേണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, ടി.പി ശശീന്ദ്രന്‍, എം.എല്‍.എമാരായ ഇ.കെ വിജയന്‍, പി.ടി.എ റഹീം, എം.കെ മുനീര്‍, സി.കെ നാണു, ജോര്‍ജ് എം. തോമസ്, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ, കാരാട്ട് റസാഖ്, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."