ജനാധിപത്യം പുതുക്കി പണിതുകൊണ്ടിരിക്കണം: സ്പീക്കര്‍
ന്യൂഡല്‍ഹി: യുവത്വം സജീവമായി രാഷ്ട്രീയ പ്രക്രിയയെ സര്‍ഗാത്മകമാക്കുന്നതില്‍ ഇടപെടണമെന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയല്ല മറിച്ച് അതില്‍ ഇഴുകിച്ചേര്‍ന്ന് ചുമതലകള്‍ എടുക്കുകയാണ് ചെയ്യേണ്ടതെന്നും കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഭാരതീയ ഛാത്ര സന്‍സദിന്റെ 2019 ലെ ഐഡിയല്‍ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ഇന്‍ഡ്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന എന്നത് ഭരിക്കാനുള്ള ചില ഘടനകള്‍ മാത്രമല്ല, മൂല്യങ്ങളുടെ സംഭരണി കൂടിയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളിലും മാര്‍ഗ നിര്‍ദേശക തത്വങ്ങളിലും അടിയുറച്ച് വിശ്വസിക്കുകയും അവയെ സംരക്ഷിക്കുകയും അവയ്ക്കായി നിലകൊള്ളുകയും ചെയ്യേണ്ട സമയമാണിത്. ഭിന്നിപ്പുകളില്ലാത്ത നാനാത്വമാണ് ഇന്ത്യയുടെ അസ്ഥിത്വം.
പൗരസമൂഹവും സ്റ്റേറ്റും തമ്മില്‍ ശക്തമായ ആശയവിനിമയം ഉണ്ടായിക്കണം. പ്രബലമായ സ്റ്റേറ്റില്‍ പൗരസമൂഹവും ശക്തി പ്രാപിക്കണം. അല്ലെങ്കില്‍ ഏകാധിപത്യത്വത്തിലേയ്ക്ക് രാജ്യം കൂപ്പുകുത്തും. തിരിച്ച് സ്റ്റേറ്റ് ദുര്‍ബലവും പൗരസമൂഹം പ്രബലവുമായാല്‍ അരാജകത്വത്തിനും വഴി തെളിക്കും. പൗരസമൂഹവും സ്റ്റേറ്റും തമ്മിലുള്ള ദൃഢബന്ധത്തിനും ഉദാഹരണമാണ് കേരള നിയമസഭ. ഒരു നിയമസഭയില്‍ അംഗത്തിന് മാത്രമാണ് ബില്ലുകളില്‍ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുന്നത്. എന്നാല്‍ കേരള നിയമസഭയില്‍ ഏതു സാധാരണക്കാരനും ബില്ലില്‍ ഭേദഗതി സമര്‍പ്പിക്കാന്‍ കഴിയും. അദ്ദേഹം പറഞ്ഞു. മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍, 2014 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി, പദ്മവിഭൂഷണ്‍ ഡോ. രഘുനാഥ് എ. മഷേല്‍ക്കര്‍, ഡോ. വിജയ് ഭട്കര്‍, പ്രൊഫ. വിശ്വനാഥ് ഡി. കാരാഡ്, ഡോ. രാഹുല്‍ വി. കാരാഡ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."