ഇല്ലായ്മകളോട് പൊരുതി ഗോത്രവര്‍ഗ പെണ്‍കുട്ടിയുടെ പി.ജി പഠനം
മാനന്തവാടി: ജില്ലയിലെ ആദിവാസി വിഭാഗങ്ങളില്‍ ഭൂരിഭാഗം വരുന്നതും സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നില്‍ നില്‍ക്കുന്നതുമായ പണിയ വിഭാഗത്തിലെ പെണ്‍കുട്ടിയുടെ പി.ജി പഠനത്തിന് നൂറിന്റെ പകിട്ട്. പനമരം അഞ്ചുകുന്ന് ചേര്യമ്മല്‍ പണിയ കോളനിയിലെ വേരന്‍-ബിന്ദു ദമ്പതികളുടെ മകള്‍ രേഷ്മയാണ് ഇല്ലായ്മകളോട് പൊരുതി ഇക്കണോമിക്‌സില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ പഠനം നടത്തുന്നത്. നടുവ് നിവര്‍ത്തിയിരുന്ന് പഠിക്കാന്‍ പോലും ഭൗതിക സൗകര്യങ്ങളില്ലാതെയാണ് പണിയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയുടെ വിദ്യഭ്യാസ മുന്നേറ്റം. ചെറുപ്രായത്തില്‍ തന്നെ കൂലിപ്പണിക്ക് പോവുകയോ വിവാഹം ചെയ്തയക്കപ്പെടുകയോ ചെയ്യുന്ന രീതിയാണ് പണിയ വിഭാഗങ്ങളില്‍ നിലവിലുള്ളത്. എന്നാല്‍ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ കഴിയുന്ന കോളനിയിലെ ദുരിതങ്ങള്‍ അറിയുമ്പോഴാണ് മാനന്തവാടി ഗവ.കോളജ് വിദ്യാര്‍ഥിയായ രേഷ്മയുടെ പി.ജി പഠനത്തിന്റെ കൂടുതല്‍ മഹത്വം ബോധ്യമാവുക. ജീവിക്കാനാവശ്യമായ ഭൗതിക സൗകര്യങ്ങളൊന്നുമില്ലാത്ത കോളനിയില്‍ രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് വൈദ്യുതിയെത്തിയത്. വീട്, ഭൂമി, കുടിവെള്ളം ഇതൊന്നും ആവശ്യത്തിനില്ലാത്ത കോളനി മദ്യപാനശല്യം കൊണ്ടും പേര് കേട്ടതാണ്. വീടിന് മുന്നിലെ തെരുവ് വിളക്കിന്‍ ചുവട്ടിലിരുന്നാണ് രേഷ്മ പ്ലസ്ടുവും ഡിഗ്രിയും പഠിച്ചു വിജയിച്ചത്. മൂന്ന് വര്‍ഷം മുമ്പ് മാത്രം പണി പൂര്‍ത്തിയാക്കിയ വീട്ടില്‍ ആകെയുള്ളത് ഒരു കിടപ്പുമുറി മാത്രം. ഇതില്‍ ഇട്ടിരിക്കുന്ന കസേര മാത്രമാണ് കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കുള്ള പഠന സൗകര്യം. ഈ കസേരയില്‍ കൂട്ടിവെക്കുന്ന പുസ്തകങ്ങള്‍ ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ഇറ്റുവീഴുന്ന നനവ് തട്ടാതിരിക്കാന്‍ പ്ലാസ്റ്റിക് കൊണ്ട് മൂടിവെക്കുന്നതാണ് പതിവ്. തൊട്ടടുത്ത കട്ടിലില്‍ പുസ്തകങ്ങള്‍ നിവര്‍ത്തിവെച്ച് കൂനിയിരുന്നാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി രേഷ്മ പഠനം നടത്തുന്നത്. ആദിവാസി കോളനികളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പഠനമുറിക്കായി അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. മാതാപിതാക്കള്‍ കൂലിപ്പണിയെടുത്താണ് വിദ്യാഭ്യാസ ചിലവുകള്‍ കണ്ടെത്തിയത്. പണിയ വിഭാഗത്തില്‍ നിന്നും പെണ്‍കുട്ടി പി.ജി പഠനം പൂര്‍ത്തിയാക്കുമ്പോള്‍ തുടര്‍ പഠനത്തിനെങ്കിലും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. പട്ടിക വര്‍ഗ വകുപ്പില്‍ നിന്നും മതിയായ പ്രോത്സാഹനം ഈ രംഗത്ത് ലഭിക്കുന്നില്ലെന്നാണ് രേഷ്മയുടെ അനുഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."