തേയിലത്തോട്ടത്തില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി; പുലിഭീതി ഒഴിയാതെ ജില്ല
മേപ്പാടി: താഴേ അരപ്പറ്റയില്‍ തേയില തോട്ടത്തില്‍ കമ്പി കുരുക്കില്‍ കുടുങ്ങിയ പുള്ളിപുലിയെ വനം വകുപ്പ് രക്ഷപെടുത്തി. ഇന്നലെ രാവിലെ ആറ് മണിയോടെ അരപ്പറ്റ മൂന്നാം നമ്പര്‍ ഡിവിഷനിലാണ് അര ഭാഗത്ത് കമ്പി കുരുക്കില്‍ കുടുങ്ങിയ നിലയില്‍ ജോലിക്കാര്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഡി.എഫ്.ഒ രജ്ഞിത്ത് മേപ്പാടി റെയ്ഞ്ച് ഓഫിസര്‍ ബാബുരാജ് പുലിക്ക് സമീപത്ത് കാവല്‍ നിന്നു. ഈ സമയം രക്ഷപെടാന്‍ പുലി പല തവണ ശ്രമം നടത്തിയെങ്കിലും മുന്നോട്ട് നീങ്ങാന്‍ പോലും കഴിയാത്ത വിധം കുരുക്ക് മുറുകിയിരുന്നു. ഒന്‍പതരയോടെ സീനിയല്‍ വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയ സ്ഥലത്തെത്തി ആദ്യം പുലിയുടെ അടുത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. പിന്നെ മയക്ക് വെടിവെക്കാനുള്ള ശ്രമമായി ആദ്യതവണ വെടിയുതിര്‍ത്തപ്പോള്‍ പുലിയുടെ ദേഹത്ത് സിറിഞ്ച് പതിഞ്ഞില്ല. എന്നാല്‍ രണ്ടാമത്തേത് ഉന്നം പിഴക്കാതെ പുലിയുടെ ദേഹത്ത് പതിച്ചു. മിനിറ്റുകള്‍ക്കകം പുലി മയക്കത്തിലായി. പതിനഞ്ച് മിനിറ്റിന് ശേഷം പുലിയെ വലയിലാക്കി മയക്കം വിട്ടുമാറാന്‍ കണ്ണില്‍ മരുന്നൊഴിച്ചു. പിന്നീട് കൂട്ടിലേക്ക് മാറ്റുകയായിരുന്നു. പുലി കുരുക്കില്‍ പെട്ട സ്ഥലത്തിന് നാല് കിലോമീറ്റര്‍ അകലെ മാത്രമാണ് വനമുള്ളത്. തിനപുരം ഭാഗത്ത് നിന്നാണ് പുലി പ്രദേശത്ത് എത്തിയതെന്നാണ് നിഗമനം. ഒരു ദിവസം പുലിയെ നിരീക്ഷണം നടത്തിയ ശേഷം പുലിയെ ഉള്‍വനത്തില്‍ തുറന്ന് വിടും.
പുലി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. നൂറ് കണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ജില്ലയില്‍ വന്യമൃഗശല്യം വര്‍ധിക്കുകയാണ്. പ്രദേശത്ത് മുമ്പും പുലിയുടെ സാന്നിധ്യം ജനങ്ങള്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."