ജോലിക്കിടെ സ്വദേശിയായ യുവതിയോട് വഴിവിട്ട തമാശ ; ശിക്ഷാവിധി പൂർത്തിയാക്കി മലപ്പുറം സ്വദേശി നാട്ടിലേക്കു മടങ്ങി
ജിദ്ദ: സഊദിയിലെ ജിസാനിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കിടെ സ്വദേശിയായ യുവതിയോട് വഴിവിട്ട തമാശ പറഞ്ഞതിന്‍റെ പേരില്‍ അപമര്യദായ്ക്ക് ശിക്ഷിച്ച മലയാളി ശിക്ഷാവിധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. കേസില്‍ ജയിലിലായ മലപ്പുറം മേലാറ്റൂര്‍ സ്വദേശിയാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചത്.
സാമൂഹിക പ്രവര്‍ത്തകന്‍റെ ഇടപെടലിലാണ് ഇയാള്‍ക്ക് മോചനം ലഭിച്ചത്. ശിക്ഷാ കാലാവധിയായ ഏഴുമാസം അവസാനിച്ചെങ്കിലും യുവതി ആവശ്യപ്പെട്ട അമ്പതിനായിരം റിയാല്‍ നല്‍കാന്‍ കഴിയാതെ വന്നതോടെ ഇയാളുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിലായിരുന്നു. വിവരം അറിഞ്ഞെത്തിയ ജിസാനിലെ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവും ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റുമായ ഹാരിസ് കല്ലായി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
ജയില്‍ മേധാവിയുമായും യുവതിയുടെ ഭര്‍ത്താവുമായും നിരന്തരം സംസാരിച്ചതോടെ നഷ്ടപരിഹാര തുക നല്‍കാതെ തന്നെ ഇയാളെ വിട്ടയയ്ക്കാന്‍ തീരുമാനമായത്. തുട൪ന്ന് കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാനത്തില്‍ ഇയാള്‍ നാട്ടിലേക്കു മടങ്ങിയത്. അതേ സമയം സ്വദേശി വനിതകളടക്കം പതിവുകാരായി വരുന്ന ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ വളരെ ശ്രദ്ധാലുക്കളാവണമെന്നും 'ഖാസ്' വിഭാഗം കേസുകളിൽ ഉൾപെട്ടാൽ ശിക്ഷാ കാലാവധി കഴിഞ്ഞാലും വിടുതൽ ലഭിക്കണമെങ്കിൽ ഇരയുടെ ദയാദാക്ഷിണ്യം പ്രധാനമാണെന്ന കാര്യം ഓർക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."