HOME
DETAILS
MAL
മലയാളികളുടെ ഇടപെടൽ: അന്യായമായ ഹുറൂബിൽ കോടതിയുടെ നീതി, യു.പി സ്വദേശി അബ്ദുള്ള നാട്ടിലേക്ക് തിരിച്ചു
backup
February 21 2020 | 15:02 PM
റിയാദ്: ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരുന്നതിനിടെ ഇഖാമ എടുത്തു നൽകാതെയും കൃത്യമായി ശമ്പളം ലഭിക്കാതെയും അന്യായമായ ഹുറൂബിൽ കുടുങ്ങിയും ദുരിതത്തിലായ യുപി സ്വദേശി അബ്ദുള്ള മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്ക് തിരിച്ചു. പ്രവാസി ലീഗൽ എയ്ഡ് സെൽ പ്ലീസ് ഇന്ത്യയുടെ ശ്രമഫലമായാണ് നാട്ടിലേക്ക് തിരിക്കാനായത്.
നേരത്തെ, തുച്ഛമായ ശമ്പളത്തിൽ ബുറൈദയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പുതിയ വിസയിൽ റിയാദിലേക്ക് ഹൗസ് ഡ്രൈവറായി ജോലിക്കെത്തുകയായിരുന്നു. ഇതിനിടെ അബഹയിലേക്ക് താനാസിൽ മാറുകയും അവിടെ നിന്നും സ്‌പോൺസറുടെ റിയാദിലെ ബന്ധു വീട്ടിലേക്ക് വന്നതോടെ കൃത്യമായി ശമ്പളം ലഭിക്കാതിരിക്കുകയും ആറു മാസമായിട്ടും ഇഖാമ എടുത്തു നൽകാതിരിക്കുകയും ചെയ്തതോടെയാണ് പ്ലീസ് ഇന്ത്യ അദാലത് വഴി കേസിൽ ഇടപെട്ടത്.
ഇതോടെ, കേസിൽ ഇടപെടാനുള്ള എംബസിയിൽ നിന്നും അനുമതി പത്രം പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുടെ പേരിൽ ലഭിക്കുകയും ശേഷം ലേബർ കോടതിയിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ തുടർച്ചയായി വിളിപ്പിച്ചെങ്കിലും ഒരു പ്രാവശ്യം മാത്രം ആണ് സ്പോൺസർ ഹാജരായത്. ശേഷം മഹ്‌കമ തൻഫീഖിലേക്ക് കേസ് റഫർ ചെയ്തു. ഇതിനിടെ അന്യായമായി ഇദ്ദേഹത്തെ ഹുറൂബാക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും അന്യായമായ ഹുറൂബ് നീക്കി ഇഖാമ അടിച്ചു നൽകുകയും ചെയ്തെങ്കിലും പാസ്പോർട്ട് നൽകാൻ ആദ്യം സ്പോൺസർ തയാറായിരുന്നില്ല. പിന്നീട് നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായാണ് പാസ്പോർട്ട് ലഭിച്ചത്. ഇതോടെ, പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ ഇദ്ദേഹം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
പ്ലീസ് ഇന്ത്യ വളണ്ടിയർമാരായ സലീഷ്, ഷജീർ വള്ളിയോത്ത്, കരീം ഒളവട്ടൂർ, ഷാബിൻ ജോർജ്, ധിമേഷ് മാസ്റ്റർ, മൂസ്സ, റബീഷ് കോക്കല്ലൂർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട് എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."