കഴക്കൂട്ടം -കാരോട് ബൈപാസ് ആദ്യഘട്ട നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി
വിഴിഞ്ഞം: കഴക്കൂട്ടം കാരോട് ബൈപാസിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സമയപരിധി പൂര്‍ത്തിയാകാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. 2019 ല്‍ ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താമെന്ന അധികൃതരുടെ പ്രതീക്ഷക്കും മങ്ങലേല്‍പിച്ചു. ആദ്യഘട്ടത്തോടൊപ്പം നിര്‍മാണം പുരോഗമിക്കേണ്ട രണ്ടാംഘട്ടത്തിന്റെ പകുതി നിര്‍മാണങ്ങള്‍ പോലും ഇതു വരെ പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടില്ല. ബൈപാസിന്റെ കഴക്കൂട്ടം മുതല്‍ വിഴിഞ്ഞം മുക്കോല വരെ നീളുന്നതാണ് ഒന്നാം ഘട്ടം.
നിര്‍മ്മാണം 2018 ഡിസംബറില്‍ പൂര്‍ത്തികരിക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തത് കണക്കിലെടുത്ത അധികൃതര്‍ മൂന്ന് മാസം കൂടി നീട്ടി നല്‍കിയിരിക്കുകയാണ്. മുക്കോല തലക്കോടു മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയായ കാരോട് വരെ നീളുന്നതാണ് രണ്ടാം ഘട്ട നിര്‍മാണ കരാര്‍. ഏറ്റെടുത്ത കമ്പനി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന ഉറപ്പിന്‍മേലാണ് ഇവിടെ പണി തുടങ്ങിയത്. എന്നാല്‍ നിര്‍മാണം തുടങ്ങി ഒന്നര വര്‍ഷം കഴിയുമ്പോഴും ഉദ്ദേശിച്ചതിന്റെ പകുതി പണികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കല്ലിന്റെയും മണ്ണിന്റെയും ലഭ്യതക്കുറവും റോഡിനിരുവശത്തും താമസിക്കുന്നവര്‍ തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുമെന്ന് കണ്ടതോടെ ഉയര്‍ത്തിയ തര്‍ക്കങ്ങളുടെയും തടസങ്ങളുടെയും പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗതയുടെ താളം തെറ്റിച്ചു.
കുന്നുകള്‍ ഇടിച്ചും ചതുപ്പ് നിലങ്ങള്‍ നികത്തിയും ഏലാള്‍ നിരപ്പാക്കിയും കടന്നുപോകുന്ന ബൈപാസിലെ വിവിധ സ്ഥലങ്ങളിലെ സിഗ്‌നല്‍ സ്റ്റേഷന്റേയും ക്രോസിംഗുകളുടെയും പാലങ്ങളുടെയും പേരില്‍ ഉയര്‍ന്ന തര്‍ക്കങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയും പോലെയാക്കി.
ഒടുവില്‍ കാഞ്ഞിരംകുളം, പുറുത്തി വിള, മണ്ണക്കല്ല്, പൊറ്റയില്‍ക്കട, അയിര എന്നിവിടങ്ങളില്‍ ക്രോസിങ്ങുകള്‍ അനുവദിച്ചാണ് തര്‍ക്കങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടത്. കേരളം തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കാരോടില്‍ വാഹനങ്ങള്‍ അതിര്‍ത്തിയറിയാതെ കടന്നു പോകുന്ന രീതിയിലാണ് ബൈപാസ് നിര്‍മാണം. ഇവിടെ പൂവാര്‍ കളിയിക്കാവിള റോഡ് ബൈപാസിന് മുകളിലൂടെ പുതിയതായി നിര്‍മിക്കുന്ന പാലത്തിലൂടെയാണ് കടന്നുപോകുക. ഇതിനടിയിലെ കുന്നിടിച്ചാണ് ബൈപാസ് തമിഴ്‌നാട്ടിലേക്ക് കടന്നു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."