HOME
DETAILS
MAL
കുട്ടനാട് സീറ്റിനായി തമ്മിലടി തുടരുന്നു; വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ. മാണി വിഭാഗം
backup
February 22 2020 | 00:02 AM
സ്വന്തം ലേഖകന്‍
ആലപ്പുഴ: കുട്ടനാട് നിയമസഭാ സീറ്റിനായുള്ള കേരള കോണ്‍ഗ്രസി(എം)ലെ തര്‍ക്കം മൂര്ധന്യത്തിലായത് യു.ഡി.എഫില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസി(എം)ന്റേതു തന്നെയാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും ജോസ് കെ. മാണി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നതിനാല്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ കുട്ടനാടിന്റെ കര്‍ഷക രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയത് കേരള കോണ്‍ഗ്രസാണെന്നും സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കുന്നു.
പാലാ ഉപതെരെഞ്ഞെടുപ്പിലെ പരാജയം ഒരു പാഠമായി നിലനില്ക്കുമ്പോള് കേരള കോണ്‍ഗ്രസിനെ വച്ച് വീണ്ടുമൊരു ഭാഗ്യപരീക്ഷണം നടത്തരുതെന്ന അഭിപ്രായമാണ് യു.ഡി.എഫ് നേതൃത്വത്തിനുള്ളത്. അതിനാല്‍ തന്നെ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വികാരം ശക്തമാണ്.
സീറ്റ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച വരികയും അതിനാവശ്യമായ നീക്കം നടത്താന്‍ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തുകയും ചെയ്തെന്ന വിവരം പുറത്തുവന്നിട്ടുണ്ടെങ്കിലും കരുതലോടെ മാത്രമേ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. സീറ്റിന്റെ പേരില്‍ ഇടഞ്ഞ് ഏതെങ്കിലുമൊരു വിഭാഗം മുന്നണി വിട്ടുപോയാല്‍ അത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഇത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന കാര്യവും നേതൃത്വം വിലയിരുത്തുന്നുണ്ട്.
അതിനിടെ കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് എന്‍.സി.പിക്കു തന്നെയെന്ന് ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സീറ്റ് സി.പി.എം ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ എന്‍.സിപിയില് നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. തിങ്കളാഴ്ച ചേരുന്ന എന്‍.സി.പി യോഗത്തിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസിനാണ് സാധ്യത കൂടുതല്‍. ചാണ്ടിയുടെ നിര്യാണത്തിനു ശേഷം താനാണ് പിന്‍ഗാമിയെന്ന് തോമസ് കെ. തോമസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കളായ ചിലരും സീറ്റിനായി ശക്തമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."