'സര്‍ക്കാര്‍ ആശുപത്രിക്ക് ചികിത്സ തേടി ജനകീയ സമിതി '
നരിക്കുനി: ഗവ: ആശുപത്രിയില്‍ ചികിത്സാ സംവിധാനം മെച്ചപ്പെടുത്തണമെന്നും 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്ഥലം എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന നരിക്കുനി ആശുപത്രിയില്‍ ഉച്ചക്ക് ഒരുമണി കഴിഞ്ഞാല്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നും ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമായ നരിക്കുനി ഗവ: ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പാക്കേജിലൂടെ പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മയുടെ പ്രതിനിധികള്‍ നിയമസഭയില്‍ നേരിട്ടെത്തി കാരാട്ട് റസാഖ് എം.എല്‍.എയുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.
എം.എല്‍.എ, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്ത ബഹുജന കണ്‍വന്‍ഷനിലൂടെയാണ് ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
കണ്‍വന്‍ഷനെ തുടര്‍ന്ന് പതിനായിരത്തോളം പേരില്‍ നിന്നും ശേഖരിച്ച ഒപ്പുകള്‍ സഹിതമാണ് നിവേദനം സമര്‍പ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ പ്രസവ ചികിത്സയടക്കം, ലഭിച്ചിരുന്ന മെച്ചപ്പെട്ട സേവനങ്ങള്‍ നാള്‍ക്കുനാള്‍ നഷ്ടപ്പെട്ടുകൊണ്ടണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാട്‌സ് ആപ് ഗ്രൂപ്പിലൂടെ ഉയര്‍ന്നുവന്ന ചര്‍ച്ചകളെതുടര്‍ന്ന് ജനകീയ കൂട്ടായ്മ പ്രവര്‍ത്തനങ്ങളുമായി രംഗത്തു വന്നത്.
കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ നോക്കിക്കാണുന്നത്.
ആശുപത്രിയില്‍ നാട്ടുകാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നതുവരെ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."