ബിയ്യം തൂക്കുപാലം അപകടാവസ്ഥയില്‍; കണ്ണുതുറക്കാതെ അധികൃതര്‍
പൊന്നാനി: ബിയ്യം തൂക്കുപാലത്തിലെ ഇരുമ്പുഷീറ്റുകള്‍ ഇളകിത്തുടങ്ങിയതിന് പിന്നാലെ പലയിടത്തും ദ്രവിച്ച് വലിയ ദ്വാരങ്ങളും വന്നു തുടങ്ങി. അപകടാവസ്ഥയിലായ ഷീറ്റുകള്‍ മാറ്റണമെന്ന ആവശ്യം ശക്തമായി.
ബിയ്യം കായലില്‍ പൊന്നാനി നഗരസഭയിലെ പുളിക്കക്കടവിനെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് അപകടാവസ്ഥയിലായത്.
കോടികള്‍മുടക്കി നിര്‍മിച്ച തൂക്കുപാലത്തില്‍ കിഴക്കുഭാഗത്തെ പതിനഞ്ചോളം ഷീറ്റുകളാണ് കാലപ്പഴക്കംമൂലം തുരുമ്പെടുത്ത് നശിച്ചത്. ചില ഷീറ്റുകളില്‍ വലിയ ദ്വാരങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഈ പാലത്തിലൂടെ യാത്രചെയ്യുന്നത്. ചില ഷീറ്റുകള്‍ ഇളകുന്നതും യാത്രക്കാര്‍ക്ക് പ്രയാസമാവുന്നുണ്ട്. ഈ ഷീറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് നാളുകളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും നടപ്പായിട്ടില്ല. ഡി.ടി.പി സിയുടെ നിയന്ത്രണത്തിലായിരുന്നു പാലം.
ഇപ്പോള്‍ പാലത്തിന്റെ അറ്റകുറ്റപ്പണികളുംമറ്റും നടത്തുന്നത് പൊന്നാനി നഗരസഭയാണ്. 2017 ലെ ഓണക്കാലത്ത് വള്ളംകളിയോടനുബന്ധിച്ച് കുറച്ചുഭാഗത്തെ ഷീറ്റുകള്‍ മാറ്റിയിരുന്നു.
കിഴക്കുഭാഗത്തെ കുറച്ച് ഷീറ്റുകള്‍ മാറ്റിയില്ല. ഇവയാണ് ഇപ്പോള്‍ തുരുമ്പെടുത്ത് നശിച്ചിരിക്കുന്നത്. ഇരുമ്പുഷീറ്റുകള്‍ പെട്ടന്നുതന്നെ തുരുമ്പെടുക്കുന്നതിനാല്‍ മരംകൊണ്ടുള്ള ഷീറ്റുകളിട്ട് പാലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."