സിറിയ: ഇദ്ലിബില് ഏറ്റുമുട്ടല്‍ രൂക്ഷം രണ്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയിലെ ഇദ്ലിബില് സര്‍ക്കാരും വിമതരും തമ്മില്‍ തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലിനിടെ അസദ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുര്‍ക്കി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിര്‍ത്തിയില്‍ റഷ്യന്‍ സഹായത്തോടെ സിറിയന്‍ ഭരണകൂടം നടത്തുന്ന ആക്രമണങ്ങളില്‍ തങ്ങളുടെ ഒരു സൈനികനും കൂടി കൊല്ലപ്പെടുന്ന പക്ഷം, ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി. നേരത്തെ ഇദ്ലിബിലെ സിറിയന്‍ സൈനിക മുന്നേറ്റത്തിനിടെ 13 തുര്‍ക്കി സൈനികരാണ് ഈ മാസം മാത്രം കൊല്ലപ്പെട്ടത്.
അതേസമയം ആക്രമണങ്ങളില്‍ തുര്‍ക്കി നടത്തിയ തിരിച്ചടിയില്‍ 50ലധികം സിറിയന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു. മേഖലയില്‍ സിറിയ നടത്തിയേക്കാവുന്ന കൂടുതല്‍ അത്യാഹിതങ്ങളെ തടയാന്‍ അമേരിക്കയില്‍ നിന്നും മിസൈല്‍വേധ ഉപകരണങ്ങള്‍ വാങ്ങാന്‍ പദ്ധതിയുണ്ടെന്നും തുര്‍ക്കി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ ഇദ്ലിബില് സിറിയന്‍ ഭരണകൂടത്തിനെതിരേ വിമതര്‍ നടത്തുന്ന ആക്രമണങ്ങളില്‍ തുര്‍ക്കിയെ പഴിചാരി റഷ്യയും രംഗത്തെത്തി. വര്‍ഷങ്ങളായി തുടരുന്ന വിമതനീക്കങ്ങളില്‍ അസദ് ഭരണകൂടത്തിന്റെ ഉറ്റതോഴനാണ് റഷ്യ. ബശ്ശാര്‍ വിമതരെ തുര്‍ക്കി സഹായിക്കുന്നു എന്നാണ് റഷ്യയുടെ ആരോപണം. എന്നാല്‍ റഷ്യയുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിനില്ലെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകര്‍ പറഞ്ഞു.
അക്രമം രൂക്ഷമാവുന്നതിനിടെ ഇരു വിഭാഗത്തിനും യുഎന്‍ മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."