ചേളാരി ഐ.ഒ.സി ലൈസന്‍സ് റദ്ദാക്കണമെന്ന തീരുമാനം നടപ്പാക്കുന്നതില്‍ സെക്രട്ടറി വീഴ്ചവരുത്തിയതായി ആരോപണം
തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്ത് 15 ാം വാര്‍ഡ് പരിധിയില്‍ സ്ഥിതി ചെയ്യുന്ന ചേളാരി ഐ.ഒ.സി പ്ലാന്റില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫയര്‍, സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ അഭാവം മൂലം ഐ.ഒ.സിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള ഭരണസമിതി തീരുമാനം നടപ്പിലാക്കുന്നതില്‍ പഞ്ചായത്ത് സെക്രട്ടറി വീഴ്ചവരുത്തിയതായി വാര്‍ഡ് മെംബര്‍ സവാദ് കള്ളിയില്‍ ആരോപിച്ചു.
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ രണ്ടു മാസം മുന്‍പ് ചേര്‍ന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഐ.ഒസിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഐ.ഒ.സി അധികൃതര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഏതാനും രേഖകള്‍ സമര്‍പ്പിച്ചിരുന്നു.
വാര്‍ഡ് മെംബര്‍ സവാദ് കള്ളിയില്‍ ആവശ്യപ്പെട്ടതുപ്രകാരം പഞ്ചായത്ത് സെക്രട്ടറി ഐ.ഒ.സി സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പ് സവാദിന് കൈമാറിയിരുന്നു. ഐ.ഒ.സി സമര്‍പ്പിച്ച രേഖകളില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കാണുന്നില്ലെന്ന് സവാദ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭരണസമിതി തീരുമാനം നടപ്പാക്കുന്നതില്‍ പഞ്ചായത്ത് സെക്രട്ടറി വീഴ്ചവരുത്തുന്നുവെന്നാണ് ഇപ്പോഴുള്ള ആരോപണം.
അടിയന്തിരമായി ലൈസന്‍ റദ്ദ് ചെയ്യുന്നതിനുള്ള നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പഞ്ചായത്ത് സെക്രട്ടറിക്ക് സവാദ് കത്തു നല്‍കിയിട്ടുണ്ട്.
ഇന്നലെ ചേര്‍ന്ന ഭരണസിതി യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യുകയും ഐ.ഒ.സി ലൈസന്‍സ് റദ്ദ് ചെയ്യുവാനുള്ള തീരുമാനം നടപ്പാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുന്നതിന് പകരം നടപടി വൈകിയത് ശരിയായില്ലെന്നു സവാദ് സെക്രട്ടറിക്കു നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നു. ലൈസന്‍സ് റദ്ദു ചെയ്യുവാനുള്ള ഭരണസമിതിയുടെ തീരുമാനത്തിന് ശേഷം നിയമപരമായി കത്തു നല്‍കുകയോ ഐ.ഒ.സി ബന്ധപ്പെട്ടരേഖകള്‍ ഹാജരാക്കിയതായുള്ള വിവരം ഭരണസമിതി യോഗത്തില്‍ അറിയിക്കുകയോ ചെയ്തിട്ടല്ലെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."