തിരുവാഞ്ചേരി ചിറ സംരക്ഷിച്ചാല്‍ പരിഹാരമാവുക വേളത്തെ കുടിവെള്ള ക്ഷാമത്തിന്
കുറ്റ്യാടി: വേളം പഞ്ചായത്തിലെ കുന്നിന്‍പുറങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുമ്പോഴും പഞ്ചായത്തിലെ പ്രകൃതിദത്ത ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ നടപടിയില്ല. കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലെ ഏറ്റവും വലിയ ജലസ്രോതസായ തിരുവാഞ്ചേരി ചിറ സംരക്ഷിച്ചാല്‍ പഞ്ചായത്തിലെ ഒരുവലിയ പ്രദേശത്തിന്റെ ജലക്ഷാമത്തിന് പരിഹാരമാവും. വേളം ശാന്തിനഗറില്‍ ഏഴ് ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന തിരുവാഞ്ചേരി ചിറ സ്വകാര്യ വ്യക്തികളുടെ കൂട്ടുടമസ്ഥതയിലാണെന്ന് പറയപ്പെടുന്നു. ഒരു വേനലിലും വറ്റാത്ത ഈപ്രകൃതി ദത്ത നീരുറവ പ്രദേശത്തെ ഇരൂനൂറോളം കുടുംബങ്ങളുടെ കിണറുകളെ ജലസമൃദ്ധമാക്കുന്നു.
എന്നാല്‍ ഇതിന് തൊട്ടടുത്തെ കുന്നിന്‍പുറത്തെ താമസക്കാര്‍ക്ക് ആവശ്യമായ കുടിവെള്ളമെത്തിക്കാന്‍ ചിറ നവീകരിക്കുന്നതിലൂടെ കഴിയുമെങ്കിലും ഇതിനാവശ്യമായ നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. കൈതോലക്കാടുകളും കണ്ടല്‍ക്കാടുകളും അടക്കം ഒട്ടേറെ ജൈവസമ്പത്തും അപൂര്‍വയിനം ജീവികളും, മറ്റ് ജൈവ വൈവിധ്യങ്ങളും നിറഞ്ഞ ചിറയില്‍ സൈബീരിയന്‍ കൊക്കുകള്‍ ഉള്‍പ്പെടെയുള്ള ദേശാടനപ്പക്ഷികള്‍ വിരുന്നെത്താറുണ്ട്.
തിരുവഞ്ചേരി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഉത്സവം നടക്കുന്നത് ഈ ചിറയിലാണ്. മണ്ണ് മൂടിയും, ആഫ്രിക്കന്‍ പായല്‍ നിറഞ്ഞും ഏത് സമയവും അപ്രത്യക്ഷമാവുന്ന നിലയിലായ ചിറയുടെ ചിലഭാഗങ്ങള്‍ കൈയേറിയതായും നാട്ടുകാര്‍ പറയുന്നു.
ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ മഴക്കാലത്ത് കുന്നിന്‍ പുറങ്ങളില്‍ നിന്നും മണ്ണും, ചെളിയും കുത്തിയൊലിച്ച് ചിറയില്‍ വന്നടിയുന്നത് കാരണം ചിറയുടെ കുറെ ഭാഗം നികന്ന നിലയിലാണ്. ചിറ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ഉടമസ്ഥതയിലാണെന്ന സാങ്കേതിക കാരണത്താല്‍ ഫണ്ട് കൈമാറ്റം ചെയ്തിട്ടില്ല.
ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാല്‍ ഈ വഴിക്കുള്ള നീക്കങ്ങളൊന്നും പഞ്ചായത്തിന്റെയോ മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. ഏതാനും ദിവസം മുന്‍പ് നാട്ടുകാര്‍ ചിറ സംരക്ഷണ സമിതി രൂപീകരിച്ച് ആഫ്രിക്കന്‍ പായല്‍ നീക്കം ചെയ്തിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രകൃതി ദത്തജലസ്രോതസുകളും, തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ കോടികളുടെ ഫണ്ട് അനുവദിക്കുമ്പോഴും തിരുവാഞ്ചേരി ചിറയെ അധികാരികള്‍ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."