തരിശുഭൂമിയില്‍ കാര്‍ഷിക വിപ്ലവത്തിനൊരുങ്ങി യുവാക്കള്‍
തിരൂരങ്ങാടി: തരിശുഭൂമിയില്‍ കാര്‍ഷിക വിപ്ലവത്തിന് ഒരുകൂട്ടം ചെറുപ്പക്കാരിറങ്ങിയപ്പോള്‍ മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം മാനീപാടത്ത് വീണ്ടും നെല്‍കൃഷിയുടെ പച്ചെപ്പ്.
മാനീപാടം അയല്‍ക്കൂട്ടമാണ് രണ്ടര ഏക്കര്‍ ഭൂമിയില്‍ പുഞ്ചകൃഷിയിറക്കുന്നത്. ഞാര്‍ നടീല്‍ കര്‍മ്മം ഇന്നലെ കൃഷി ഓഫിസര്‍ വിഷ്ണു നിര്‍വഹിച്ചു.
ഏക്കര്‍ കണക്കിന് വിസ്തൃതിയിയുള്ള മാനീപാടത്ത് 35 വര്‍ഷം മുന്‍പാണ് അവസാനമായി കൃഷിയിറക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. തൊട്ടടുത്ത് കടലുണ്ടിപ്പുഴ ഒഴുകുന്നതിനാല്‍ പ്രദേശം ജലസമൃദ്ധമായിരുന്നു.
പില്‍ക്കാലത്ത് മാനീപാടത്തുനിന്നും കൃഷി പൂര്‍ണമായും വിടവാങ്ങി. കുഴികളും, കനാലുകളും നശിച്ചു.
പ്രദേശം വറ്റിവരണ്ടു. പലഭാഗങ്ങള്‍ മണ്ണിട്ട് നികത്തി. കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നു. പ്രദേശത്ത് മാലിന്യപ്രശ്‌നം രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷമുണ്ടാക്കിയ വാട്‌സ് ആപ് കൂട്ടായ്മയാണ് പിന്നീട് മാനീപാടം അയല്‍കൂട്ടമായി മാറിയത്. കഴിഞ്ഞ വര്‍ഷം ഒരേക്കറോളം ഭൂമിയില്‍ ചീരകൃഷി നടത്തിയിരുന്നു. ഇത്തവണ പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് കുഞ്ഞു, സിദ്ദീഖ്, വി.വി അഹമ്മദ് എന്നിവരുടെ ഭൂമിയില്‍ കൃഷിയിറക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് നിലമുഴുത് വയല്‍ കൃഷിക്കനുയോജ്യമാക്കിയത്. നേരത്തെയുണ്ടായിരുന്ന ജലസ്രോതസുകള്‍ ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്.
ഇതില്‍നിന്നുമാണ് കൃഷിക്കുള്ള വെള്ളം കണ്ടെത്തുന്നത്. അടുത്ത വര്‍ഷം 250 ഏക്കര്‍ ഭൂമിയില്‍ നെല്‍കൃഷിയിറക്കാനാണ് ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."