വീര്‍പ്പുമുട്ടി ശ്രീകണ്ഠപുരം എക്‌സൈസ് ഓഫിസ്
ശ്രീകണ്ഠപുരം: നിന്ന് തിരിയാന്‍ ഇടമില്ലാതെ ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈസ് ഓഫിസ് കെട്ടിടം. പത്ത് പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍ക്കൊള്ളുന്നതാണ് പരിധി. കുറുമാത്തൂര്‍ മുതല്‍ പേരട്ട വരെയും കുടിയാന്‍മല മുതല്‍ കമ്പില്‍ വരെയുമുള്ള പ്രദേശങ്ങളുടെ ചുമതലയുള്ള സംഘത്തിന് ഇത്രയും വലിയ പ്രവര്‍ത്തന പരിധിയിലോടിയെത്താന്‍ വനിതകളടക്കം രണ്ട് ഡസനില്‍ താഴെ ജീവനക്കാര്‍ മാത്രം. ആകെയുള്ള ഒരു ജീപ്പും. എല്ലാ സ്ഥലത്തും ഓടിയെത്തുകയെന്ന പ്രയോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്വന്തം വാഹനത്തില്‍ കേസന്വേഷണത്തിന് പോകേണ്ട അവസ്ഥ വരെയായി. വാറ്റ് ചാരായത്തിന് പേരുകേട്ട മലമടക്കുകളുള്ള പ്രദേശങ്ങള്‍ ഉള്ളതാണ് ശ്രീകണ്ഠപുരം റേഞ്ച്. കാഞ്ഞിരക്കൊല്ലിയും പേരട്ടയും കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നതിനാല്‍ എന്നും ഇവിടങ്ങളില്‍ ഇത്തരം കേസുകള്‍ക്ക് പഞ്ഞമില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി ആനന്ദ് കുമാറും സംഘവും മലയോരത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത വാടക കെട്ടിടത്തില്‍ നിന്നുള്ള മോചനമായി സ്വന്തമായി കെട്ടിടം വേണമെന്നാണ് നാട്ടുകാരുടെയും അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."