പൊലിസ് കസ്റ്റഡിയില്‍ നശിക്കുന്നത് ആയിരക്കണക്കിന് വാഹനങ്ങള്‍
ഇരിക്കൂര്‍: വിവിധ കേസുകളില്‍പ്പെട്ട് പൊലിസ് കസ്റ്റഡിയിലായി മഴയും വെയിലും കൊണ്ടു നശിക്കുന്ന വാഹനങ്ങളുടെ ശവപറമ്പായി പൊലിസ് സ്റ്റേഷനും പരിസരങ്ങളും പരേഡ് ഗ്രൗണ്ടുകളും സംസ്ഥാന പൊതുമരാമത്തു വകുപ്പ് പാതയോരങ്ങളും. ഇത്തരം വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കാറുള്ള യാതൊരു നടപടികളും സ്വീകരിക്കാത്തതാണ് ഇത്തരത്തിലാകാന്‍ കാരണം. കേസുകള്‍ കാരണം പൊലിസ്, എക്‌സൈസ്, റവന്യൂ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്ത് പൊലിസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചു വെച്ചവയാണിത്. ഇതോടൊപ്പം ചെങ്കല്ല് കൊത്തുയന്ത്രങ്ങളും തോണികളും മോട്ടോര്‍ ബൈക്കുകളുമെല്ലാമുണ്ട്. ഇത്തരം വാഹനങ്ങളുടെ കാര്യത്തില്‍ അടിയന്തിരമായി തീര്‍പ്പുണ്ടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി ജില്ലാ ഭരണത്തലവനായ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച് വില നിര്‍ണയിച്ച് ലേലത്തില്‍ വില്‍ക്കണമെന്നാണ് നിര്‍ദേശം. കലപ്പഴക്കം ചെന്നതും കേസ് തീര്‍ന്നിട്ടും ഉടമകള്‍ അവകാശവാദവുമായി എത്താത്തതുമായ വാഹനങ്ങള്‍ ആക്രി വിലയ്ക്ക് വില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ കേസുള്ളതിനാല്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കേസ് കഴിയാന്‍ കാത്തു നില്‍ക്കാതെ ഫോട്ടോകളെടുത്ത് വിവരശേഖരണം നടത്തിയ ശേഷം വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസുകള്‍ തീര്‍പ്പാകാത്തതിനാല്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ നശിച്ചു കൊണ്ടിരിക്കുന്നത്. കസ്റ്റഡിയിലുള്ളവകളില്‍ ഓടിക്കാനാവാത്ത വിധം നശിച്ചുപോയ വാഹനങ്ങള്‍ ആക്രി വിലക്ക് വില്‍ക്കാനും കഴിയും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ എ.എം.എസ്.ടി.സി മുഖേന ഓണ്‍ലൈനായാണ് ലേലം നടക്കേണ്ടത്.
ഇരിക്കൂര്‍ പൊലിസ് പരേഡ് ഗ്രൗണ്ടിലും ക്വാര്‍ട്ടേഴ്‌സ് പരിസരങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് പാതനയോരങ്ങളിലും ബസ് സ്റ്റാന്റിനു മുന്‍പിലെ ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയോരത്തും പൊലിസ് സ്റ്റേഷനു മുന്‍പിലും വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."