വെടിവെച്ചിട്ട ചിറകുകള്‍
1995 നവംബര്‍ 13 രാത്രി 9.25. പതിവിനേക്കാളേറെ തിരക്കുള്ള ദിവസം. ബിസിനസ് വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കേറിയ മാനേജ്‌മെന്റ് മീറ്റിങ്ങിന് ശേഷം അദ്ദേഹം ഓഫിസില്‍ നിന്ന് പുറത്തിറങ്ങി. എല്ലാവരോടും പതിവ് പോലെ യാത്ര പറഞ്ഞ് ഓഫിസിന് പുറത്ത് കാത്തുകിടന്ന നീല ബുള്ളറ്റ് പ്രൂഫ് ബെന്‍സിലേക്ക് ധൃതി പിടിച്ച് അദ്ദേഹം കയറി. ഓഫിസില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ ന്യൂ ജല്‍ദര്‍ശനടുത്തുള്ള വസതിയായിരുന്നു ലക്ഷ്യം. അത്താഴത്തിന് എന്തായാലും എത്താമെന്ന് മീറ്റിങ്ങിനിടെ വിളിച്ച ഭാര്യക്കും മക്കള്‍ക്കും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഡ്രൈവര്‍ ഫാറൂഖ് അഹമ്മദ് ബര്‍ക്കത്തലി ഷെയ്ഖ് ബാന്ദ്രയിലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ അതിവേഗം കാറുമായി കുതിച്ചു. കാര്‍ ഏതാനും മീറ്റര്‍ മുന്നോട്ട് നീങ്ങി പെറിക്രോസ് റോഡിന് സമീപമുള്ള നള്‍കാന്‍ത് വാഡി റോഡിലെത്തിയതേയുള്ളൂ. പൊടുന്നനെ ഇടറോഡില്‍ നിന്ന് എം.എച്ച് 01 എം.സി 422 നമ്പറിലുള്ള ചുവന്ന ഒാമ്‌നി വാന്‍ കുതിച്ചെത്തി കാറില്‍ ഇടിച്ചു. ഉടന്‍ വാനില്‍നിന്ന് മൂന്നുപേര്‍ തോക്കുമായി ചാടിയിറങ്ങി കാറിന് നേരെ തുരുതുരാ നിറയൊഴിച്ചു. ഒരാള്‍ ചുറ്റിക കണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. മിനിറ്റുകളോളം വെടിയുതിര്‍ത്ത ശേഷം ആക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. വെടിയേറ്റ് രക്തം ഒലിപ്പിച്ച് ബര്‍ക്കത്തലി കാറില്‍ നിന്നിറങ്ങി പുറക് സീറ്റിലേക്ക് ചെന്നപ്പോള്‍ ചോരയില്‍ കുളിച്ച് അനക്കമില്ലാതെ കിടക്കുന്ന മുതലാളിയെയാണ് കണ്ടത്. ഉടന്‍ ബര്‍ക്കത്തലി അദ്ദേഹത്തെ തൊട്ടടുത്തുള്ള ഭാഭാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുപ്പത് വെടിയുണ്ടകളായിരുന്നു ശരീരത്തില്‍ തുളച്ചുകയറിയതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 'ഈസ്റ്റ് വെസ്റ്റ് എം.ഡി വെടിയേറ്റു മരിച്ചു'. ഇതായിരുന്നു പിറ്റേന്ന് ഇറങ്ങിയ പത്രങ്ങളുടെ പ്രധാന തലക്കെട്ട്. ഗുരുഗരമായി പരുക്കേറ്റ ബര്‍ക്കത്തലിയും പിന്നീട് മരിച്ചു.
1992 ഫെബ്രുവരി 28
ആഗോളവത്കരണം തുടങ്ങുകയും സാമ്പത്തികമേഖല തുറക്കുകയും ചെയ്തതിനു ശേഷമുള്ള മാറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയ പരിവര്‍ത്തനത്തിനു വിധേയമായത് വ്യോമയാന മേഖലയാണ്. 1992ലാണ് ഇന്ത്യ വ്യോമായാന മേഖലയില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഓപ്പണ്‍ എയര്‍ പോളിസി പ്രഖ്യാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ചാര്‍ട്ടര്‍ വിമാനകമ്പനികള്‍ക്കാണ് ലൈസന്‍സ് നല്‍കിയതെങ്കിലും പിന്നീട് മൂന്നിലധികം വിമാനമുള്ള ഇരുപതോളം കമ്പനികള്‍ക്ക് ആഭ്യന്തര സര്‍വിസ് (Air Operator Permit AOP) നടത്താന്‍ അനുമതി നല്‍കി.
ഇവിടെയാണ് പ്രവാസി മലയാളി ബിസിനസുകാരനായ തഖിയുദ്ദീന്‍ വാഹിദിന്റെ ഉദയവും. ലൈസന്‍സ് ലഭിച്ച ശേഷം ഇന്ത്യയിലെ ആഭ്യന്തര മേഖലയില്‍ സര്‍വിസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി തഖിയുദ്ദീന്‍ വാഹിദിന്റെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സായിരുന്നു. അതിര്‍വരമ്പില്ലാതെ ലോകത്തിന്റെ ആകാശ മേലാപ്പുകള്‍ കീഴടക്കാന്‍ കൊതിച്ച ആ യുവ വ്യവസായിയുടെ സ്വപ്നങ്ങള്‍ക്ക് പക്ഷേ നിര്‍ഭാഗ്യവശാല്‍ അല്‍പ്പായുസ് മാത്രമായിരുന്നു.
യു.കെയില്‍ നിന്ന് പാട്ട വ്യവസ്ഥയില്‍ വാങ്ങിയ ബോയിങ് 737- 200 ശ്രേണിയിലുള്ള ഒരു യാത്രാ വിമാനവുമായി 35 കോടി മുതല്‍മുടക്കില്‍ 1992ല്‍ മുംബൈയിലാണ് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫെബ്രുവരി 28ന് മുംബൈ സാന്റാക്രൂസ് വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു ആദ്യ സര്‍വിസ്.
തഖിയുദ്ദീന്‍ വാഹിദ്
1952 ഡിസംബര്‍ 28ന് തിരുവനന്തപുരം ജില്ലയിലെ ഇടവ പഞ്ചായത്തിലെ ഓടയത്ത് കോട്ടുവിളാകം ഹാജി അബ്ദുല്‍ വാഹിദ് മുസ്‌ലിയാരുടേയും സല്‍മാ ബീവിയുടേയും മകനായാണ് തക്കി എന്ന തഖിയുദ്ദീന്‍ അബ്ദുല്‍ വാഹിദിന്റെ ജനനം, 11 മക്കളിലൊരാള്‍. പ്രാദേശത്തെ പ്രധാന വ്യാപാരിയുമായിരുന്നു അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങള്‍ മുതല്‍ ശ്രീലങ്ക വരെ മത്സ്യവും കശുവണ്ടിയും മറ്റു പ്രാദേശിക വിഭവങ്ങളുമൊക്കെ അദ്ദേഹം വ്യാപാരം ചെയ്തിരുന്നു. വന്‍തോതില്‍ മത്സ്യം വാങ്ങി അത് ഉണക്കി കപ്പലില്‍ കയറ്റി അയയ്ക്കുന്നതായിരുന്നു മുസ്‌ലിയാരുടെ പ്രധാന വ്യാപാരം. ആ ഗ്രാമത്തില്‍ ആദ്യമായി കാര്‍ സ്വന്തമാക്കിയതും വാഹിദ് മുസ്‌ലിയാരായിരുന്നു.
ഓടയം എല്‍.പി സ്‌കൂളില്‍ നിന്നും ഇടവ മുസ്‌ലിം ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ തഖിയുദ്ദീന്‍, കൊല്ലം എസ്.എന്‍ കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. പിന്നീട് 1970കളില്‍ പിതാവിന്റെ കീഴിലുണ്ടായിരുന്ന ഉണക്ക മീന്‍ കയറ്റുമതി ബിസിനസില്‍ സഹോദരന്‍ നാസിറുദ്ദീനോടൊപ്പം പങ്കാളിയായാണ് തഖിയുദ്ദീന്‍ ബിസിനസ് ജീവിതം തുടങ്ങിയത്. വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും പ്രാദേശിക രാഷ്ട്രീയത്തിലൂടെ ലഭിച്ച പ്രാസംഗിക കലയുമാണ് അദ്ദേഹത്തിന്റെ ബിസിനസ് വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായത്.
പഴ്‌സ് മാറ്റിമറിച്ച ജീവിതം
മുംബൈയില്‍ വച്ചാണ് വാഹിദ് കുടുംബത്തിന്റെ ജീവിതം മാറിമറിയുന്നത്. ആളുകള്‍ ഗള്‍ഫെന്ന സ്വപ്നം കാണാന്‍ തുടങ്ങിയ കാലത്താണ് തഖിയുദ്ദീന്റെ സഹോദരന്‍ നാസിറുദ്ദീനും വിസ തേടി മുംബൈയിലെത്തുന്നത്. ഇക്കാലത്താണ് വിമാനത്തില്‍ കയറാന്‍ ധൃതിപ്പെട്ട് പോകുകയായിരുന്ന ബഹ്‌റൈന്‍ പൗരന്റെ പഴ്‌സ് കളഞ്ഞുപോവുകയും അത് യാദൃച്ഛികമായി നാസിറുദ്ദീന് ലഭിക്കുകയും ചെയ്യുന്നത്. രേഖകളും പണവും അടങ്ങിയ ആ പഴ്‌സ് കളഞ്ഞുകിട്ടിയ നാസിറുദ്ദീന്‍ അറബിക്ക് തിരികെ നല്‍കി. സന്തുഷ്ടനായ അറബി നമ്പര്‍ നാസിറുദ്ദീന് കൈമാറുകയും ആവശ്യമുള്ളപ്പോള്‍ വിളിക്കാന്‍ പറയുകയും ചെയ്തു. ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് നാസിറുദ്ധീന്‍ ബഹ്‌റൈനിലെത്തുന്നത്. ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമായ അലാല എന്ന കമ്പനിയുടെ ഉടമയുടെ മരുമകനായ അഹമ്മദ് മന്‍സൂര്‍ അല്‍ അലിയെയായിരുന്നു അന്ന് നാസിറുദ്ദീന്‍ പരിചയപ്പെട്ടത്.
ഈസ്റ്റ് വെസ്റ്റിന്റെ പിറവിയും പതനവും
1980ലാണ് ബഹ്‌റൈനിലെ അലാല കമ്പനിക്കു വേണ്ടി മുംബൈ ദാദറില്‍ ഈസ്റ്റ് വെസ്റ്റ് ട്രാവല്‍ ആന്റ് ട്രേഡ് ലിങ്ക്‌സ് എന്ന പേരില്‍ റിക്രൂട്ടിങ് ആന്റ് ട്രാവല്‍ ഏജന്‍സി തുടങ്ങുന്നത്. യു.എ.ഇയിലെ ഒരു പ്രമുഖ കമ്പനിയില്‍ മാനേജറായായിരുന്ന തഖിയുദ്ദീനെയും നാസിറുദ്ദീന്‍ സഹായത്തിനായി മുംബൈയിലെത്തിച്ചു. അന്ന് ജോലി രാജിവച്ച് വരാന്‍ മടിച്ച തഖിയുദ്ദീനെ ഉപ്പ നേരിട്ട് യു.എ.ഇയിലെത്തി നിര്‍ബന്ധിച്ചാണ് മുംബൈയിലെത്തിച്ചത്. അന്ന് ഗള്‍ഫ് മോഹങ്ങളുമായി ബോംബെയില്‍ എത്തിയ നിരവധിയാളുകളെയാണ് കൊള്ള ലാഭമില്ലാതെ വാഹിദ് സഹോദരന്മാര്‍ ഗള്‍ഫിലെത്തിച്ചത്. തുടര്‍ന്ന് വിമാന സര്‍വിസിലേക്ക് കമ്പനി നീങ്ങിയതോടെ തഖിയുദ്ദീനും നാസിറുദ്ദീനും അറിയപ്പെടുന്ന ബിസിനസുകാരായി മാറി. ഏഷ്യയിലെ തന്നെ നമ്പര്‍ വണ്‍ ട്രാവല്‍ ഏജന്‍സിയായി ഈസ്റ്റ് വെസ്റ്റ് മാറാനും അധികം സമയമെടുത്തില്ല. മികച്ച സേവനവും കൃത്യനിഷ്ഠതയും പാലിക്കുന്നതില്‍ ഈസ്റ്റ് വെസ്റ്റ് 100 ശതമാനം വിജയിച്ചിരുന്നു. ഈസ്റ്റ് വെസ്റ്റിന്റെ പ്രിയപ്പെട്ട യാത്രക്കാരിയായിരുന്ന മദര്‍ തെരേസക്ക് എല്ലാവിമാനങ്ങളിലും സൗജന്യയാത്ര അനുവദിച്ചിരുന്നു.
ഒരിക്കല്‍ എയര്‍ഇന്ത്യയുടെ പൈലറ്റുമാര്‍ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ സമരം ചെയ്തപ്പോള്‍ അതിനെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടതും ഈസ്റ്റ് വെസ്റ്റിനെ ഉപയോഗിച്ചായിരുന്നു.
തഖിയുദ്ദീന്‍ കൊല്ലപ്പെട്ടതോടെ തുടര്‍ന്നുവന്ന കേസുകളും ശക്തരായ എതിരാളികളുടെ ഭീഷണികളും ഈസ്റ്റ് വെസ്റ്റിന്റെ പതനത്തിന് വഴിവച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ഈസ്റ്റ് വെസ്റ്റിനെ രക്ഷിക്കാന്‍ സഹോദരന്‍ ഫൈസല്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. 1996 ഓഗസ്റ്റ് എട്ടിന് സര്‍വിസുകള്‍ നിലച്ചു. 1997ല്‍ ഇന്ത്യയുടെ വ്യോമയാന ചിത്രത്തില്‍ നിന്ന് ഈസ്റ്റ് വെസ്റ്റ് എന്നന്നേക്കുമായി തുടച്ചുനീക്കപ്പെട്ടു.
കൊലപാതകത്തിന് പിന്നില്‍
സര്‍വിസ് തുടങ്ങിയ കാലം മുതല്‍ തന്നെ ശക്തരായ ചില നോര്‍ത്തിന്ത്യന്‍ ലോബികള്‍, ഗ്രൂപ്പുകള്‍ ഈസ്റ്റ് വെസ്റ്റിനു പിറകെ കൂടുകയും അവര്‍ക്കെതിരെ രഹസ്യപ്രവര്‍ത്തനങ്ങളും ഉപജാപകങ്ങളും നടത്തുകയും ചെയ്തിരുന്നു. നിരന്തരം ഭീഷണി സന്ദേശങ്ങളാണ് ഇക്കാലത്ത് തഖിയുദ്ദീനും ഭാര്യ സജിനക്കും വന്നിരുന്നത്. തക്കി വെടിയേറ്റു മരിക്കുന്നതിന്റെ തലേദിവസവും ഭാര്യക്ക് ഭീഷണികോള്‍ വന്നിരുന്നു. 'ഭര്‍ത്താവിനോട് എയര്‍ലൈന്‍സ് ബിസിനസ് നിര്‍ത്താന്‍ പറയുന്നതാണ് നല്ലത്' എന്നായിരുന്നു അത്. അവര്‍ തഖിയുദ്ദീനോട് പറഞ്ഞപ്പോള്‍, പതിവ് കോള്‍ പോലെ അദ്ദേഹം അതും അവഗണിച്ചു. കൊലയ്ക്ക് ശേഷം, ദാവൂദ് ഇബ്രാഹിമുമായി തഖിയുദ്ദീന് ബന്ധമുണ്ടെന്നായിരുന്നു പൊലിസ് പറഞ്ഞത്. ആ ബന്ധം ഇഷ്ടപ്പെടാതിരുന്ന ദാവൂദിന്റെ എതിര്‍വിഭാഗമായ ഛോട്ടാരാജന്‍ സംഘമാണ് തഖിയുദ്ദീനെ കൊന്നത് എന്നായിരുന്നു പൊലിസ് കഥ. വെടിയേറ്റു മരിച്ച ശേഷം അന്ന് രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യവസായിയുടെ മരണം സാധാരണ കൊലക്കേസിന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കാതെയാണ് പൊലിസ് അന്വേഷിച്ചതെന്നും സഹോദരന്‍ ഫൈസല്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കേസിലെ ദുരൂഹതകള്‍ നീങ്ങുകയോ വാഹിദ് കുടുംബത്തിന് നീതി ലഭിക്കുകയോ ചെയ്തിട്ടില്ല.
മുംബൈ പൊലിസ് കുറ്റപത്രം
തഖിയുദ്ദീന്‍ വാഹിദിനെ കൊന്ന കേസില്‍ അഞ്ചുപേര്‍ക്കെതിരെയായിരുന്നു പൊലിസ് കുറ്റപത്രം. രോഹിത് വര്‍മ, ജോസഫ് ജോണ്‍ ഡിസൂസ, സുനില്‍ മല്‍ഗാവ്ങ്കര്‍, ബണ്ടി പാണ്ഡെ, ഇജാസ് ലക്ഡാവാലയും. രോഹിത് വര്‍മയാണ് കയ്യില്‍ ചുറ്റികയുമായി കാറിന്റെ ചില്ലു തകര്‍ക്കുകയും മുന്നില്‍നിന്നു വെടിവയ്ക്കുകയും ചെയ്തത്. വലതുവശത്തു നിന്നു വെടിവച്ചത് ജോസഫ് ജോണ്‍ ഡിസൂസയും. രോഹിത് വര്‍മ ആ ചുറ്റിക കാറില്‍ ഉപേക്ഷിച്ചാണു സ്ഥലം വിട്ടത്. ഇജാസ് ലക്ഡാവാലയെ ഈയിടെ പൊലിസ് പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റോടെയാണ് തഖിയുദ്ദീന്‍ വാഹിദും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സും വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞത്.
ജോണ്‍ ഡിസൂസ, രോഹിത് ശര്‍മ എന്നിവര്‍ ഇതിനിടെ കൊല്ലപ്പെട്ടു. ബണ്ടി പാണ്ഡെ തിഹാര്‍ ജയിലിലാണ്. സുനില്‍ മല്‍ഗാവ്ങ്കറെ തെളിവില്ലാത്തതിന്റെ പേരില്‍ കോടതി വെറുതെ വിട്ടു. ആദ്യം പ്രതിപ്പട്ടികയില്‍ പേരില്ലാതിരുന്ന ബണ്ടി പാണ്ഡേയെയും ഇജാസ് ലക്ഡാവാലയെയും പിന്നീടാണ് പ്രതിചേര്‍ക്കപ്പെട്ടത്.
രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകനും മലയാളിയുമായ ജോസി ജോസഫ് എഴുതിയ 'കഴുകന്മാരുടെ വിരുന്ന്' (അ എലമേെ ീള ഢൗഹൗേൃല െഠവല ഒശററലി ആൗശെില ൈീള ഉലാീരൃമര്യ ശി കിറശമ) എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ വ്യോമയാനമേഖലയെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ തഖിയുദ്ദീന്‍ വാഹിദ്, ഈസ്റ്റ് വെസ്റ്റ് എന്നിവയുടെ വളര്‍ച്ച, പതനം എന്നിവ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ക്രൈം നമ്പര്‍ 59695
ക്രൈം നമ്പര്‍ 59695, മുംബൈ ബാന്ദ്ര പൊലിസ് സ്റ്റേഷനില്‍ തകിയുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് നമ്പര്‍. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് മുംബൈ പൊലിസ് തഖിയുദ്ദീന്‍ വാഹിദിനു അപകടത്തെക്കുറിച്ചും ശത്രുക്കളെക്കുറിച്ചും മുന്നറിയിപ്പു നല്‍കിയിരുന്നു. അപായ സൂചന ലഭിച്ച പൊലിസ് രഹസ്യമായി സായുധരായ ഒരു സംഘം പൊലിസിനെ തഖിയുദ്ദീന്റെ വസതിക്കു സമീപം നിര്‍ത്തിയിരുന്നു. എന്നാല്‍ കൊലപാതകം നടക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഈ വാഹനം പിന്‍വലിച്ചതായും പറയപ്പെടുന്നു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗമാണ് റോയുടെ അന്വേഷണത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അതുവരെയുള്ള നിഗമനങ്ങളില്‍ നിന്ന് വ്യത്യസ്ത സുചനയായിരുന്നു 2003ല്‍ ലഭിച്ചത്. അധോലോക സംഘാംഗങ്ങളുടെ ഫോണ്‍ ചോര്‍ത്തലിലൂടെ ലഭിച്ചെന്ന് പറയപ്പെടുന്ന ആ വിവരങ്ങളില്‍ തഖിയുദ്ദീനെ കൊന്നത് ദാവൂദ് ഇബ്രാഹിമിന്റെ സംഘം ആണെന്നുള്ള സൂചനയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഛോട്ടാ രാജന്‍ സംഘമാണെന്ന മുംബൈ പൊലിസിന്റെ നിഗമനം പാടേ തിരുത്തിക്കുറിക്കുന്നതായിരുന്നു ആ വിവരങ്ങള്‍. ഇതേത്തുടര്‍ന്ന് റോ വിഷയം ഗൗരവമായി ഏറ്റെടുത്തെങ്കിലും അന്വേഷണം മുന്നോട്ട് നീങ്ങിയില്ല.
ചില കൊടുംചതിയുടെ കഥകള്‍
അക്കാലത്താണ് ജെറ്റ് എയര്‍വേയ്‌സും സര്‍വിസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ ചെറിയ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന നരേഷ് ഗോയല്‍ ജെറ്റ് എയര്‍വേയ്‌സ് എന്ന വിമാനസര്‍വിസ് കമ്പനി പടുത്തുയര്‍ത്തിയത്, തഖിയുദ്ദീന്‍ വാഹിദിനെ കൊലപ്പെടുത്തിക്കൊണ്ടാണെന്ന ആരോപണം അന്നും ഇന്നും ശക്തമാണ്. പല തവണയാണ് നരേഷ് ഗോയലിന്റെ വെല്ലുവിളിയെ തഖിയുദ്ദീന്‍ അതിജയിച്ചത്.
ആഭ്യന്തര റൂട്ടുകളില്‍ ബിസിനസ് ക്ലാസുകള്‍ ആരംഭിക്കാന്‍ തഖിയുദ്ദീന്‍ മലേഷ്യയില്‍ നിന്ന് അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്ത മൂന്ന് 737- 400 ബോയിങ് വിമാനമാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഒത്താശയോടെ ഗോയല്‍ തട്ടിയെടുത്തത്. ഈസ്റ്റ് വെസ്റ്റിന്റെ പെയിന്റടിച്ച് ഇന്ത്യയിലെത്തിക്കാന്‍ തയ്യാറായ അതേ വിമാനമാണ് ചതിയിലൂടെ ഗോയല്‍ സ്വന്തമാക്കിയതെന്ന് ഫൈസല്‍ പറഞ്ഞു.
അതിനിടെ വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം ആവാമെന്ന കേന്ദ്രനിയമം ചുവടുപിടിച്ച് തഖിയുദ്ദീന്‍ യു.എ.ഇയുടെ എമിറേറ്റ്‌സുമായി ധാരണാപത്രം ഒപ്പിട്ടു. പക്ഷെ, അപ്രതീക്ഷിതമായി തീരുമാനത്തില്‍ നിന്ന് കേന്ദ്രം മലക്കം മറിഞ്ഞതോടെ കരാറും റദ്ദായി. എന്നാല്‍ അതേസമയത്താണ് ജെറ്റ് എയര്‍വേയ്‌സ് കുവൈത്ത് എയര്‍വേയ്‌സില്‍ നിന്നും ഗള്‍ഫ് എയര്‍വേയ്‌സില്‍ നിന്നും നിക്ഷേപം സ്വീകരിച്ചതും. ഗോയലിന്റെ വിശ്വസ്തനും മലയാളിയുമായ ദാമോദരനെ ഉപയോഗിച്ച് തഖിയുദ്ദീന്റെ ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവവും വിവാദമായിരുന്നു.
2001 ഡിസംബറില്‍ ഗോയലും അധോലോകവുമായി ബന്ധപ്പെട്ടുള്ള ഇടപാട് സംബന്ധിച്ചുള്ള കത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പാര്‍ലമെന്റ് ഇളകിയെങ്കിലും ഗോയലിനെതിരെ നടപടിയൊന്നുമുണ്ടായില്ല.
തിരശ്ശീലക്ക് പിറകിലുണ്ട് അവര്‍
നിലവില്‍ സഹോദരന്‍ നാസറുദ്ദീന്‍ ചെയര്‍മാനും മറ്റു സഹോദരങ്ങളായ താഹാക്കുട്ടി, ഫൈസല്‍, സഹോദരീ ഭര്‍ത്താവ് പീര്‍ മുഹമ്മദ് എന്നിവര്‍ ഡയറക്ടര്‍മാരുമായ കമ്പനിയുണ്ട്. ഓടയത്തെ കുടുംബവീടായ കോട്ടുവിളാകം വീട്ടില്‍ ജ്യേഷ്ട സഹോദരന്‍ നാസറുദ്ദീന്‍ വാഹിദും താഹാക്കുട്ടിയും കുടുംബവുമാണ് താമസിക്കുന്നത്. ഒരു സഹോദരന്‍ ഷിഹാബ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. തഖിയുദ്ദീന്റെ മരണ ശേഷം ഭാര്യ സജീനയും മക്കളും ബംഗളൂരിലേക്ക് താമസം മാറ്റി. ബംഗളൂരുവില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ് ഇന്ന് സജീന. മകന്‍ ഷാഹിലാണ് ഇതിന്റെ മേല്‍നോട്ടം. ട്രാവല്‍ ബ്ലോഗറും ഫാഷന്‍ ഡിസൈനറുമായ മകള്‍ ഷഹനാസും ഇവര്‍ക്കൊപ്പമുണ്ട്.
90 കളില്‍ തിരുവനന്തപുരം ഈശ്വര വിലാസം റോഡില്‍ തഖിയുദ്ദീന്‍ പണി തുടങ്ങിയ വീട് ഇന്നുമുണ്ട്. രണ്ടര പതിറ്റാണ്ടു മുന്‍പ് ആഡംബരത്തിന്റെ അവസാന വാക്കാകുമായിരുന്ന ഇത്തരമൊരു വീട് നിര്‍മിക്കാന്‍ ഒരുപക്ഷേ തഖിയുദ്ദീന്‍ വാഹിദിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ സ്വപ്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അദ്ദേഹം മുംബൈ ബാന്ദ്ര വെസ്റ്റിലും പുതിയ വീട് പണിയാന്‍ സ്ഥലം വാങ്ങിയിരുന്നു. ആ സ്ഥലത്ത് ഇപ്പോള്‍ വീടുവച്ചു താമസിക്കുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്. വാഹിദ് കുടുംബം വഖ്ഫ് ചെയ്ത ഓടയം വലിയ പള്ളി ഖബ്ര്‍ സ്ഥാനിലാണ് തഖിയുദ്ദീനെ ഖബറടക്കിയത്.എന്നിവര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."